അബുദാബി : മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ മരണം അറിഞ്ഞിട്ട് , മൂന്ന് മണിക്കൂര്‍ കഴിഞ്ഞും , മോദി അബുദാബിയില്‍ ലഡു വാങ്ങുന്ന ഫോട്ടോ-വീഡിയോ ഷൂട്ട് വിവാദമായി. മരണം അറിഞ്ഞിട്ടും, ഇത്തരത്തില്‍ മധുരം വാങ്ങുന്ന വീഡിയോ, പ്രധാനമന്ത്രി സ്വന്തം പേജിലാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യയുടെ റുപേ കാര്‍ഡിന്റെ യുഎഇ ലോഞ്ചിനോട് അനുബന്ധിച്ചുള്ള ഈ വീഡിയോയും ഫോട്ടോയും സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗള്‍ഫ് പര്യടനത്തിനിടെയാണ്, ഇത്തരത്തില്‍ അസാധാരണാമായ സംഭവങ്ങള്‍ക്ക് വേദിയായത്. ഇപ്രകാരം, ഇന്ത്യന്‍ സമയം ശനിയാഴ്ച ഉച്ചയ്ക്ക് 12.07 നാണ് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ മരണം സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ എയിംസ് ആശൂപത്രി അധികൃതരുടെ വാര്‍ത്താക്കുറിപ്പില്‍ ഈ സമയം കൃത്യമായി പറയുന്നു. ഇപ്രകാരം, ഓഗസ്റ്റ് 24 ശനിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.14 ന് മോദി, ജെയ്റ്റലി മരണം സംബന്ധിച്ച ആദ്യ അനുശോചന കുറിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അതായത് യുഎഇ പ്രാദേശിക സമയം 11.44 ന് , നരേന്ദ്ര മോദി എന്ന പേജിലാണ് ഈ പോസ്റ്റ് . ഇപ്രകാരം, മരണം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം, ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിന് ( യുഎഇ സമയം 1.30 ) മോദി ലഡു വാങ്ങുന്ന വീഡിയോ ക്ളിപ്പ് പോസ്റ്റ് ചെയ്തു. യുഎഇയില്‍ റൂപേ കാര്‍ഡ് ലോഞ്ച് ചെയ്യുന്നതിന്റെ ഭാഗമായുള്ള , ഉദ്ഘാടനത്തോടനുബന്ധിച്ച്, കാര്‍ഡ് വഴി ലഡു വാങ്ങുന്ന വീഡിയോ ആണ് വിവാദത്തിലായത്. അതിനാല്‍, ജെയ്റ്റ്ലി മരിച്ചത് അറിഞ്ഞിട്ടും, മുന്‍ നിശ്ചയിച്ച ഔദ്യോഗിക പരിപാടികള്‍ മാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും, ഈ ”ഫോട്ടോ ഷൂട്ട് ” പരിപാടി എങ്കിലും വെയ്ക്കാമായിരുന്നു എന്നതാണ് ആക്ഷേപത്തിന് വഴിതുറന്നത്.
മോദിയുടെ മുന്‍ സഹപ്രവര്‍ത്തകനും ഒന്നാം മോദി മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ അരുണ്‍ ജെയ്റ്റലിയുടെ മരണ സമയത്ത്, പ്രൈം മിനിസ്റ്റര്‍ ഓഫീസ് ( പി എം ഒ ) പേജിലാണ് മധുരം വാങ്ങുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനെതിരെയാണ് സമൂഹ മാധ്യമങ്ങള്‍ വിമര്‍ശനം ഉന്നയിച്ചത്. നേരത്തെ, കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ദുരദര്ശന് ( ഡി ഡി ന്യൂസ് ) , റൂപേ കാര്‍ഡിന്റെ ഉദ്ഘാടനം സംബന്ധിച്ച തത്സമയ വീഡിയോ സംപ്രേക്ഷണം , മരണത്തെ തുടര്‍ന്ന് , പെട്ടെന്ന് പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ്, ‘മോദി ലഡു’ വാങ്ങി വിവാദം കൊഴിപ്പിച്ചത്. മോദി സന്ദര്‍ശിക്കുന്ന ബഹ്റൈനിലെ അമ്പലത്തിലേക്കുള്ള പ്രസാദമാണ് , ഈ പ്രത്യേക പര്‍ച്ചേഴ്സ് നടത്തി, ലഡു ആയി വാങ്ങിയതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.