കിം ജോങ് ഉൻ ആണ് രാജ്യത്തിന്റെ തലവനെന്ന് വ്യക്തമായി രേഖപ്പെടുത്തുന്ന ഭരണഘടനാ ഭേദഗതിയുമായി ഉത്തര കൊറിയ. പതിനാലാമത് സുപ്രീം പീപ്പിൾസ് അസംബ്ലിയിലെ ആദ്യ സമ്മേളനത്തിന്റെ ഭേദഗതി കൊണ്ടു വന്നത്. രാജ്യത്തെ ഔദ്യോഗിക വെബ്സൈറ്റായ നയനാരയാണ് ഭരണഘടനാ ഭേദഗതി സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.
സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷൻ ചെയർമാൻ എന്ന പദവിയാണ് നിലവിൽ കിം ജോങ് ഉൻ വഹിക്കുന്നത്. ഈ പദവിക്ക് ‘പരമോന്നത നേതാവ്’ എന്നതിനൊപ്പം ‘രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത്’ എന്ന അർത്ഥം കൂടിയുണ്ടെന്ന ഭേദഗതിയാണ് ഭരണഘടനയുടെ നൂറാം പ്രമാണത്തിൽ ഉൾപ്പെടുത്തിയത്. നേരത്തെ സുപ്രീം പീപ്പിൾസ് അസംബ്ലി പ്രിസീഡിയത്തിന്റെ പ്രസിഡന്റ് എന്ന പദവിക്കായിരുന്നു ‘നിലവിൽ രാജ്യത്തെ പ്രതിനിധികരിക്കുന്നത്’ എന്ന വാഖ്യാനം ഉണ്ടായിരുന്നത്.
ഏപ്രിലിൽ കിമ്മിന്റെ അനുയായി ചോയ് റയോങ് ഹെയെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തിരുന്നു. നയതന്ത്രതലത്തിൽ ഈ പദവിയാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എന്ന അർത്ഥം ധ്വനിപ്പിക്കുന്നത്. ഈ ആശയക്കുഴപ്പം ഒഴിവാക്കാനാണ് സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷൻ ചെയർമാൻ എന്ന കിമ്മിന്റെ പദവി തന്നെയാണ് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത് എന്ന് വ്യക്തമാക്കി ഭരണഘടനയിൽ ഭേദഗതി വരുത്തിയത്.
2011 ൽ പിതാവ് കിം ജോങ് ഇല്ലിന്റെ വിയോഗത്തിനു ശേഷം അധികാരമേറ്റ കിം, പിതാവ് വഹിച്ചിരുന്ന സുപ്രീം ലീഡർ എന്ന പദവി ഏറ്റെടുത്തതിലൂടെ രാജ്യത്തെ പരമോന്നത നേതാവായി ഉയർന്നിരുന്നു. എന്നാൽ രാജ്യാന്തര നയതന്ത്രം ഉൾപ്പെട്ട ഔദ്യോഗിക വേദികളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയെന്ന സ്ഥാനപ്പേരില്ലാത്തത് മറ്റു രാജ്യങ്ങളുമായുള്ള നടപടിക്രമങ്ങളെ ബാധിച്ചു.
പുതിയ ഭരണഘടനാ ഭേദഗതി വഴി ‘രാഷ്ട്ര തലവൻ’ എന്ന സ്ഥാനം ഉറപ്പിക്കുന്നതിലൂടെ രാജ്യാന്തര നയതന്ത്രതലത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യയുടെ വൽഡിമിർ പുടിൻ, ചൈനയുടെ ഷി ജിൻപിങ് എന്നിവർക്ക് തുല്യപ്രാധാന്യം പ്രോട്ടോക്കോൾ അടിസ്ഥാനത്തിൽ കിമ്മിന് ലഭിക്കും