ദുബായ് : യുഎഇയിലെ 122 സാമ്പത്തിക-വ്യാപാര മേഖലകളില്‍, ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് , 100 ശതമാനം ഉടമസ്ഥാ വകാശം നല്കാന് തീരുമാനമായി. ചൊവ്വാഴ്ച ചേര്‍ന്ന യുഎഇ മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന നിര്‍ദേശം പ്രഖ്യാപിച്ചത്. ഇതനുസരിച്ച്, യുഎഇയിലേക്ക് ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളുടെ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാകുമെന്ന് വിലയിരുത്തപ്പെടുന്നു.
യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂനിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. നിലവില്‍, രാജ്യത്തെ ഫ്രീസോണുകളില്‍ മാത്രമാണ് ഇത്തരത്തില്‍ വിദേശികള്‍ക്ക് നൂറ് ശതമാനം ഉടമസ്ഥാവകാശം അനുവദിച്ച് വരുന്നത്. ഇനി ഫ്രീസോണിന് പുറത്ത് കൂടി, ഇത്തരത്തില്‍ പൂര്‍ണ്ണ ഉടമസ്ഥാവകാശം വരുന്നതോടെ, സ്വദേശിയായ സ്പോണ്‍സറുടെ അനുമതി ഇല്ലാതെയും യുഎഇയില്‍ നിക്ഷേപം നടത്താനാകും. രാജ്യത്തിന്റെ വിവിധ രാജ്യങ്ങളിലായി കഴിഞ്ഞ നാളുകളില്‍ നടപ്പാക്കി വരുന്ന പുതിയ ഗോള്‍ഡ് വീസ, സാമ്പത്തിക-വ്യാപാര ഫീസുകളിലെ ഇളവുകളുമായുള്ള, വന്‍ പരിഷ്ക്കാരങ്ങളുടെ ഭാഗമായാണ് മന്ത്രിസഭയുടെ ഈ സുപ്രധാന തീരുമാനം.