മൽസരത്തിനിടെ പെട്ടെന്ന് താരങ്ങളും അംപയർമാരും ഗ്രൗണ്ടിൽ കിടന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസിലായില്ല. സംഗതി മറ്റൊന്നുമായിരുന്നില്ല. തേനീച്ചകളായിരുന്നു വില്ലൻമാർ.
ചെസ്റ്റർ ലെ സ്ട്രീറ്റിൽ നടന്ന ഇന്നലത്തെ ദക്ഷിണാഫ്രിക്ക ശ്രീലങ്ക മൽസരം. ടോസ് നഷ്ടപ്പെട്ട് ശ്രീലങ്ക ബാറ്റിങ്ങിനിറങ്ങി. ലങ്കൻ ഇന്നിങ്‌സ് അവസാനിക്കാൻ ഏതാനും പന്തുകൾ മാത്രം ബാക്കി. പെട്ടെന്ന് താരങ്ങളും അംപയർമാരും ഗ്രൗണ്ടിൽ കിടക്കുന്നു. ഗാലറിയിലെ കാണികളും ടെലിവിഷനിൽ കളി കാണുന്ന ലക്ഷക്കണക്കിന് ആരാധകരും അന്തംവിട്ടുനിന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസിലായില്ല.
Bees stop play… pic.twitter.com/kRjzCeQexZ
— Fred Boycott (@FredBoycott) June 28, 2019
പിന്നീടാണ് പിടികിട്ടിയത് വില്ലമാർ തേനീച്ചകളായിരുന്നു എന്ന്. മൈതാനത്ത് കൂട്ടത്തോടെയെത്തിയ തേനീച്ചകളുടെ ആക്രമണത്തിൽ നിന്നു രക്ഷ തേടിയാണ് കളിക്കാരും അംപയർമാരും മൈതാനത്തു കിടന്നത്. ആദ്യം എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകാതെ നിന്ന കാണികളിൽ കാര്യം അറിഞ്ഞതോടെ ചിരി വിടർന്നു. തേനിച്ചകൾ ഗ്രൗണ്ട് വിട്ടുപോയ ശേഷമാണു മൽസരം പുനഃരാരംഭിച്ചത്.
ഇതാദ്യമായല്ല ശ്രീലങ്ക ദക്ഷിണാഫ്രിക്ക മൽസരം തേനീച്ചകൾ തടസ്സപ്പെടുത്തുന്നത്. 2017 ഏപ്രിലിൽ പിങ്ക് ഡേയിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബെർഗില്‍ നടന്ന മൽസരവും തേനീച്ചകളുടെ ‘ഇടപെടലിൽ’ ഒരു മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു.
ഇംഗ്ലണ്ടിലും തേനീച്ചകള്‍ തേടി എത്തിയെങ്കിലും അല്‍പനേരത്തിനകം അവര്‍ മൈതാനം വിട്ടു.