തിരുവനന്തപുരം: സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വീണ്ടും പാര്‍ട്ടിയുടെ തിരുത്ത്. സോഷ്യല്‍മീഡിയയിലെ ആരാധാകരെ നിയന്ത്രിക്കണമെന്നും വിയോജിപ്പും അഭിപ്രായ വ്യത്യാസങ്ങളും പ്രകടിപ്പിക്കാന്‍ ഇത്തരം മാധ്യമങ്ങളെ ഉപയോഗിക്കരുതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
തിങ്കളാഴ്ച അവസാനിച്ച സി.പി.ഐ.എം സംസ്ഥാന സമിതിയിലായിരുന്നു സി.പി.ഐ.എം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനെതിരെ വിമര്‍ശനവുമായി കോടിയേരി രംഗത്തെത്തിയത്.
സംസ്ഥാന സമിതിയിലെ ചര്‍ച്ചയ്ക്ക് മറുപടി പറയവേ കോടിയേരി ബാലകൃഷ്ണന് സ്വമേധയാ ഈ വിഷയങ്ങളിലേക്ക് വരികയായിരുന്നു. പി.ജെ ആര്‍മിയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു കോടിയേരി ആദ്യം നിലപാട് വിശദീകരിച്ചത്. ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനപരാതിയും തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളുമാണ് കോടിയേരിയെ ചൊടിപ്പിച്ചിരിക്കുന്നത്.
അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും പാര്‍ട്ടി ഫോറങ്ങളിലാണ് പറയേണ്ടതെന്നും അത് പറയാന്‍ മറ്റ് ഫോറങ്ങള്‍ ഉപയോഗപ്പെടുത്തുന്ന രീതി ആശാസ്യമല്ലെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്. പി. ജയരാജന്റെ ആരാധകരുടെ ഫേസ്ബുക്ക് കൂട്ടായ്മയാണ് പി.ജെ ആര്‍മി എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്. ഈ ഗ്രൂപ്പില്‍ ആന്തൂര്‍ വിഷയത്തിലും ബിനോയ് കോടിയേരി വിവാദത്തിലും ചില പോസ്റ്റുകളും പരാമര്‍ശങ്ങളും വന്നിരുന്നു. ഇതെല്ലാം ഔദ്യോഗിക സ്വഭാവമുള്ളതായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംസ്ഥാന സമിതി വിമര്‍ശനം ഉന്നയിച്ചത്.
ഇതോടൊപ്പം തന്നെ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ ധര്‍മശാലയിലെ പൊതുയോഗത്തില്‍ വേദിയിലിരുത്തിക്കൊണ്ട് ജയരാജന് പരസ്യ വിമര്‍ശനം നടത്തിയതിനേയും കോടിയേരി ബാലകൃഷ്ണന് തള്ളിപ്പറഞ്ഞു. കോടിയേരിയുടെ പ്രതികരണത്തിന് ശേഷം നേതാക്കള്‍ ആരും അഭിപ്രായങ്ങള്‍ പറയുകയും ചെയ്തില്ല.
കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ ജയരാജനെ പിന്തുണയ്ക്കുന്ന എഫ്.ബി പേജുകളില്‍ ആന്തൂര്‍ വിഷയത്തില്‍ നഗരസഭാ ചെയര്‍പേഴ്സണെതിരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത് ചര്‍ച്ചയായിരുന്നു. അത് തിരുത്തണമെന്ന നിര്‍ദേശം ജയരാജന് നല്‍കുകയും ചെയ്തു. സംസ്ഥാന സമിതി യോഗത്തിന് ശേഷം പി. ജയരാജന് പി.ജെ. എന്ന ചുരുക്കപ്പേര് മാറ്റണമെന്നും എതിരാളികള്‍ക്ക് അടിക്കാനുള്ള ആയുധങ്ങള്‍ നല്‍കരുതെന്നും നിര്‍ദേശിച്ച് പോസ്റ്റിട്ടിരുന്നു.