വിവിധ സംസ്ഥാന നേതാക്കളുമായി രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച ഇന്ന്

Wednesday, June 26, 2019

പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും.  ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാന, മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ രാഹുൽ വിലയിരുത്തും. അതിനിടെ രാഹുൽ പാർട്ടി അധ്യക്ഷ സ്ഥാനത്ത് തുടരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രവർത്തകർ ഒത്തുകൂടും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷപദം ഒഴിയാൻ സന്നദ്ധത അറിയിച്ച രാഹുൽഗാന്ധി, പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട്. ഇതിന് മുന്നോടിയായി ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന ഹരിയാന മഹാരാഷ്ട്ര ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാരും രാഹുൽ കാണും. ഇന്നലെ ചത്തീസ്ഗഡിലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയും നേതാക്കളെയും രാഹുൽ കണ്ടതായാണ് വിവരം. മഹാരാഷ്ട്രയിൽ നിന്നുള്ള നേതാക്കളെ ഇന്ന് കാണും. മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ, പാർട്ടി സംസ്ഥാന അധ്യക്ഷൻ എന്നിവരുമായി ഈ വർഷം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തും. ഹരിയാനയുടെ ചാർജ്ജുള്ള എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദും ഹരിയാനയിലെ നേതാക്കളുമായി നാളെയാണ് കൂടിക്കാഴ്ച പറഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ച അടുത്തവർഷമാദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡൽഹിയിലെ നേതാക്കളെയും രാഹുൽ കാണും. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിവിധ സംസ്ഥാനത്തിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്നാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വിലയിരുത്തുന്നത്. രാഹുൽ ഗാന്ധി അധ്യക്ഷതയിൽ തുടരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിലെ വിവിധ കോണുകളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ രാഹുൽഗാന്ധിയുടെ തുഗ്ലക് ലൈനിലെ വസതിക്കുമുന്നിൽ ഇന്ന് ഒത്തുകൂടും.
ജയ്ഹിന്ദ് ന്യൂസ് ന്യൂഡൽഹി