കനത്ത മഴയിൽ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങള് വെള്ളത്തിനടിയിലായി. ചെങ്ങന്നൂർ മേഖലയിൽ പലയിടത്തും വെള്ളം അപകടകരമായ രീതിയിൽ ഉയർന്നു. പാണ്ടനാട്, ഇടനാട്, മംഗലം, തിരുവൻവണ്ടൂർ, മുളക്കുഴ പ്രദേശങ്ങളിൽ ഒട്ടേറെ വീടുകൾ വെള്ളത്തിലാണ്.
പാണ്ടനാട്ടിൽ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ചില വീടുകളുടെ താഴത്തെ നില മിക്കവാറും മുങ്ങിക്കഴിഞ്ഞു. സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നുതന്നെ എത്തുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം വെള്ളം കയറിയത്തുടങ്ങിയതോടെ അപ്പർ കുട്ടനാട്ടിൽനിന്ന് ജനങ്ങൾ പലായനം തുടങ്ങി. കുട്ടനാട്ടിൽ വെള്ളപ്പൊക്കം കഴിഞ്ഞ മാസത്തേതിനെക്കാൾ രൂക്ഷമാകാനാണ് സാധ്യത. പലയിടങ്ങളിലായി കുടുങ്ങിയവരെ രക്ഷിക്കാൻ ആവശ്യത്തിന് ബോട്ട് ഇല്ലാത്തതു വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. കിടങ്ങറ കെ.സി ജെട്ടിയിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുകയാണ്. അവിടെനിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോകാൻ ബോട്ടുകൾ കുറവാണ്.
ആലപ്പുഴ – ചങ്ങനാശേരി റോഡിൽ പള്ളിക്കൂട്ടുമ്മ മുതൽ ചങ്ങനാശേരിക്കടുത്ത് വരെ വീണ്ടും വെള്ളക്കെട്ടായി. ആലപ്പുഴയിൽനിന്നു നെടുമുടി വരെ മാത്രമാണ് ഇപ്പോൾ ബസ് സർവീസ്. കൂടുതൽ ബോട്ടുകൾ എത്തിച്ചാൽ മാത്രമെ ആളുകളെ രക്ഷപ്പെടുത്താനാവൂ. നെടുമുടിയിൽനിന്നു പുളിങ്കുന്ന് വഴി കിടങ്ങറയിലേക്കു നാലു ബോട്ടുകൾ മാത്രമാണു ഇപ്പോൾ സർവീസ് നടത്തുന്നത്.
അമ്പലപ്പുഴ – തിരുവല്ല റോഡിൽ ആനപ്രാമ്പാൽ നെടുമ്പ്രം ഭാഗം പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗതം നിലച്ചു. മറ്റ് പ്രധാന റോഡുകളും വെള്ളത്തിലാണ്. ശുദ്ധജലവും ശുചിമുറി സൗകര്യവുമില്ലാതെ ജനം വലയുകയാണ്. രണ്ടു ദിവസമായി ഈ ഭാഗങ്ങളിൽ വൈദ്യുതിയുമില്ല. തലവടി, മുട്ടാർ, എടത്വയുടെ തെക്കൻ മേഖല എന്നിവടങ്ങളിലാണ് ഏറ്റവും വലിയ വെള്ളപ്പൊക്കം. കോളനികളിൽനിന്നും മറ്റും ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. മിക്ക വീടുകളുടെയും പകുതി വരെ വെള്ളത്തിലായി. ഒന്നര കിലോമീറ്റർ വരെ നീന്തിയാലേ കര കാണാനാവൂ എന്നതാണു പലയിടത്തും അവസ്ഥ.
പമ്പാനദിയും കരകവിഞ്ഞൊഴുകുകയാണ്. ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അമ്പലപ്പുഴ മുതൽ എടത്വ വരെ ബസ് സർവീസുണ്ടെങ്കിലും വെള്ളത്തിലായ വീടുകളിൽനിന്ന് ആളുകൾക്ക് റോഡിലെത്താൻ കഴിയുന്നില്ല. മിക്ക സ്കൂളുകളും വെള്ളത്തിലായി. മാന്നാർ, ചെന്നിത്തല, ബുധനൂർ പ്രദേശങ്ങളിലും ഇതുവരെയില്ലാത്ത വെള്ളപ്പൊക്കമാണ്. അച്ചൻകോവിലാറും കവിഞ്ഞൊഴുകുന്നു. റോഡുകളിൽ തന്നെ രണ്ടാൾപൊക്കം വെള്ളമുണ്ട്. പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. ഗതാഗതവും അസാധ്യമായിട്ടുണ്ട്. മിക്ക വീടുകളുടെയും പകുതിയോളം വെള്ളം പൊങ്ങി.
മാവേലിക്കര മേഖലയിലെ തഴക്കര പഞ്ചായത്തിൽ പൈനുംമൂട്–കൊല്ലകടവ് ചാക്കോപാടം റോഡിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു. മാവേലിക്കര കണ്ടിയൂർ, വെട്ടിയാർ, കരിപ്പുഴ, ആഞ്ഞിലിപ്രാ, വലിയപെരുമ്പുഴ ഭാഗങ്ങളിലും അച്ചൻകോവിലാറ് കരകവിഞ്ഞൊഴുകുന്നു. മാവേലിക്കര താലൂക്കിൽ ഇതുവരെ 20 ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ചു.
മാവേലിക്കര നഗരത്തിൽ കോട്ടത്തോട് കരകവിഞ്ഞൊഴുകി സമീപത്തെ വീടുകൾ വെള്ളത്തിലായി. നഗര ഹൃദയമായ മിച്ചൽ ജംക്ഷനിലും വീടുകളിൽ വെള്ളം കയറി കഴിഞ്ഞു.