സൗമ്യ വധം: അജാസിനെ സസ്‌പെന്റ് ചെയ്തു

Tuesday, June 18, 2019

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീവെച്ച് കൊലപ്പെടുത്തിയ അജാസിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ആലുവ റൂറല്‍ എസ്.പിയുടേതാണ് ഉത്തരവ്. ആലുവ ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരനായിരുന്നു അജാസ്. വകുപ്പുതല അന്വേഷണത്തിനും എസ്.പി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം അജാസിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. തുടരന്വേഷണത്തിന് അജാസിന്റെ ആരോഗ്യനില തടസ്സം സൃഷ്ടിക്കുന്നുണ്ട്. പൊള്ളലേറ്റ് ഇരു വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായി. ഡയാലിസിസിനുളള ശ്രമം തുടരുകയാണ്. ജില്ലാപൊലീസ് മേധാവി അജാസിനെ പ്രാഥമികമായി ചോദ്യംചെയ്തു. അജാസിനെതിരായ വകുപ്പുതല നടപടിക്കും നീക്കം തുടങ്ങി

ശരീരത്തില്‍ സാരമായി പൊള്ളലേറ്റ പ്രതി നാലുദിവസമായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ ആണ്. ശ്വാസ തടസ്സം, മൂത്ര തടസ്സം, എന്നിവയ്ക്ക് പുറമേ ശരീരത്തില്‍ ആകെ നീരും ബാധിച്ചിട്ടുണ്ട്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതോടെ ഡയാലിസിസിനു ശ്രമം നടത്തിയെങ്കിലും ബിപി കുറഞ്ഞതോടെ ഉപേക്ഷിച്ചു. മരുന്ന് നല്‍കി രക്തസമ്മര്‍ദ്ദം ഉയര്‍ത്തി ഡയാലിസിസ് നടത്താനാണ് ശ്രമം. ഇത് വിജയിച്ചാല്‍ മാത്രമേ ആരോഗ്യ സ്ഥിതിയില്‍ ഏന്തെങ്കിലും പറയാനാകുകയുളളു എന്നാണ് ഡോക്ടര്‍ന്മാര്‍ നല്‍കുന്ന വിവരം. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനോ വ്യക്തതയോടെ സംസാരിക്കാനോ കഴിയുന്നില്ല. എന്നാല്‍ മജിസ്‌ട്രേട്ടിന് പുറമെ ജില്ലാപൊലീസ് മേധാവിയും അജാസില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. ഇന്നലെ മാത്രമാണ് ബന്ധുക്കള്‍ അജാസിനെ കാണാനെത്തിയത്.