പരാജയത്തിൽ കോൺഗ്രസ് തളരില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. രാഹുൽ ഗാന്ധിയുടെ നേതൃത്വം ഏറ്റവും അനിവാര്യമായ ഘട്ടമാണ് ഇത്. പരാജയത്തിന്‍റെ പേരില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‍റെ പിഴവല്ല ഈ പരാജയത്തിന്‍റെ കാരണം. അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം കേരളത്തിലെ പ്രവര്‍ത്തകരില്‍ വന്‍ ആവേശമാണ് ഉണ്ടാക്കിയത്. കേരളത്തിലെ വന്‍ വിജയത്തിന് പിന്നിലെ ശക്തി രാഹുലാണ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ തന്നെ കോണ്‍ഗ്രസ് ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മുമ്പും പരാജയം നേരിട്ടിട്ടുണ്ടെന്നും പാര്‍ട്ടി തെറ്റുതിരുത്തി മുന്നോട്ടുപോകുമെന്നും ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു.
അതേസമയം, തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ്, കര്‍ണാടക, ഒഡീഷ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാര്‍ ഇന്നലെ രാജി വെച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കാന്‍ രാഹുല്‍ ഗാന്ധിയും സന്നദ്ധത അറിയിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയ ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ശബരിമല വിഷയം സുവർണ്ണ അവസരമായല്ല കോൺഗ്രസും യുഡിഎഫും കണ്ടത്. വിശ്വാസികൾക്ക് സ്വീകാര്യമായ നിലപാടാണ് ഇക്കാര്യത്തില്‍ യുഡിഎഫ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് നൽകിയ സത്യവാങ്മൂലം എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുത്തി. അതാണ് ശബരിമല വിധി പ്രതികൂലമാകാൻ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.youtube.com/watch?v=LGAzv6U2W2M&feature=youtu.be