പിലാത്തറയില്‍ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു

Monday, May 20, 2019

കണ്ണൂർ പിലാത്തറയിലെ ബൂത്ത് ഏജൻറായ വി ടി വി പത്മനാഭന്‍റെയും വോട്ടറായ ഷാലെറ്റിന്‍റെയും വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമം ഉണ്ടാകാൻ സാധ്യതയുള്ളതായി പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഷാലറ്റിന്‍റെ ഭർത്താവ് ബിനു സെബാസ്റ്റ്യൻ. ബോംബാക്രമണമുണ്ടായ ഷാലറ്റിന്‍റെയും യു ഡി എഫ് ബൂത്ത് ഏജന്‍റ് വി.ടി.വി.പത്മനാഭന്‍റെയും വീടുകൾ കോൺഗ്രസ്സ് നേതാക്കൾ സന്ദർശിച്ചു.

പിലാത്തറയിലെ പത്തൊൻപതാം നമ്പർ ബൂത്തിലെ വോട്ടറായ ഷാലറ്റ് സെബാസ്റ്റ്യന്‍റെയും കോൺഗ്രസ്സ് ബൂത്ത് ഏജന്റ് വി ടി വി.പത്മനാഭന്‍റെയും വീടുകൾക്ക് നേരെ   ബോംബേറ് നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.പരിയാരം പൊലീസാണ് അന്വേഷണം ആരംഭിച്ചത്.പൊലീസും ബോംബ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തി.  കോൺഗ്രസ് ഏജന്‍റായിരുന്ന വി ടി വി  പത്മനാഭന്‍റെ വീടിന് നേരെയും, ഷാലെറ്റിന്‍റെ വീടിന് നേരെയും അർദ്ധരാത്രിയിലാണ് ബോംബേറുണ്ടായത്. ബോംബേറിൽ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു.  അക്രമം ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നതായി ഷാലെറ്റിന്‍റെ ഭർത്താവ് സെബാസ്റ്റ്യൻ പറഞ്ഞു.  അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് ഷാലെറ്റിന്‍റെയും, സെബാസ്റ്റ്യന്‍റെയും മൊഴി എടുത്തു.

ഷാലെറ്റിന്‍റെ വീട് കാസർകോടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താനും, ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയും സന്ദർശിച്ചു. വീട്ടുകാരെ ആശ്വസിപ്പിച്ചു.

വി.ടി.വി പത്മനാഭന്‍റെ വീടും നേതാക്കൾ സന്ദർശിച്ചു. തന്നെ അക്രമിച്ചവർ തന്നെയാണ് ഇരുവരുടെയും വീടാക്രമിച്ചതെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

റീ പോളിംഗിന് വോട്ട് ചെയ്യാനെത്തിയ ഷാലെറ്റിനെ ബൂത്തിന് അടുത്ത് വെച്ച്തടയാൻ ശ്രമിച്ചവർക്കെതിരെ കേസ്സെടുക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു

പത്മനാഭന്‍റെ വീടിനു ബോംബെറിഞ്ഞതിനു പിന്നാലെ 12.30 ഓടെയാണു ഷാലറ്റിന്‍റെ വീടിനു നേരെ ബോംബേറുണ്ടായത്.

പൊതുതെരഞ്ഞെടുപ്പ് ദിനത്തിൽ പിലാത്തറ യുപി സ്കൂൾ ബൂത്തിലെത്തിയപ്പോൾ തന്‍റെ വോട്ട് മറ്റാരോ ചെയ്തതിനെ തുടർന്ന് ഷാലറ്റ് സെബാസ്റ്റ്യൻ വോട്ട് ചെയ്യാനാകാതെ മടങ്ങിയതു വലിയ വാർത്തയായിരുന്നു. പിലാത്തറയിൽ റീ പോളിംഗിനു വഴിയൊരുങ്ങിയതിൽ ഇതും കാരണമായിരുന്നു. ഇന്നലെ ഷാലറ്റ് സെബാസ്റ്റ്യൻ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സിപിഎം പ്രവർത്തകർ ബഹളം വച്ചതിനെ തുടർന്ന് പോലീസ് സുരക്ഷയോടെയാണ് ഇവരെ വീട്ടിലെത്തിച്ചത്.