രാജ്യത്ത് ഏഴാംഘട്ട തെരഞ്ഞെടുപ്പും പൂര്‍ത്തിയായതോടെ വിവിധ ഏജന്‍സികള്‍ എക്സിറ്റ് പോളുകള്‍ പുറത്തുവിട്ടു. എന്‍.ഡി.എയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള എക്സിറ്റ് പോളുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ എക്സിറ്റ് പോളുകളുടെ വിശ്വാസ്യതയെക്കുറിച്ച് ചരിത്രം പരിശോധിച്ചാല്‍ കിട്ടുന്ന ഉത്തരം മറ്റൊന്നാണ്.
2004 ല്‍ ബിജെപി സഖ്യം 300 സീറ്റുകള്‍ നേടി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഒട്ടുമിക്ക എക്സിറ്റ് പോളുകളും പ്രഖ്യാപിച്ചപ്പോള്‍ വിജയം യുപിഎയുടെ കൂടെയായിരുന്നു. 2009 ലും ഇതേ സ്ഥിതി ആവര്‍ത്തിച്ചു. 2014 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് ഇറങ്ങിയ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകള്‍ യുപിഎ യ്ക്ക് നല്‍കിയത് 180 വരെ സീറ്റുകളായിരുന്നു. നേടിയത് നാല്പ്പത്തിനാലും. മോഡി തരംഗം ഉണ്ടായെന്ന് അവര്‍ തന്നെ പറയുന്ന 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഏറ്റവും കൂടുതല്‍ ഭരണവിരുദ്ധ വികാരമുള്ള 2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത് എത്രത്തോളം വിശ്വാസ്യതയുണ്ട് എന്ന ചോദ്യം ഉയരുകയാണ്.
തുടര്‍ഭരണം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തില്‍ ബിജെപി മുന്‍പും നേരിട്ടുണ്ട്. അന്ന് പക്ഷേ അവസാന ഫലം മാറി മറിഞ്ഞു. 2004ലായിരുന്നു അത്തരത്തില്‍ എക്സിറ്റ്പോളുകളെ തൂത്തെറിഞ്ഞ ജനവിധിയുണ്ടായത്. അന്ന് കാലാവധി പൂര്‍ത്തിയാക്കാന്‍ ഒമ്പതു മാസം മുന്‍പ് വാജ്പേയി സര്‍ക്കാര്‍ പിരിച്ചുവിട്ട് ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അന്ന് എല്‍.കെ അദ്വാനിയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരണയായത്. അധികമായിരുന്ന ആത്മവിശ്വാസമായിരുന്നു ബിജെപിയുടെ കൈമുതല്‍.
അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഉറപ്പിച്ച് ഇന്ത്യാ ഷൈനിങ്ങ് എന്ന പരസ്യവാചകത്തില്‍ രാജ്യം ഇളക്കി മറിച്ച് പ്രചാരണം. എല്ലാ സര്‍വേകളും ബിജെപിക്ക് അനുകൂലം. വിധിയെഴുത്തിന് ശേഷം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ കണ്ട് ബി.ജെ.പി കണ്ണീരണിഞ്ഞു. 145 സീറ്റ് നേടി കോണ്‍ഗ്രസ് ഒന്നാമത്. സഖ്യകക്ഷികളുടെ പിന്തുണയോടെ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കി. മന്മോഹന് സിങ് പ്രധാനമന്ത്രിയായി.