മിന്നല്‍ പരിശോധന : കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ റോഡില്‍ നിന്ന് പോസ്റ്റൽ വോട്ട് കവർ കണ്ടെത്തി

Saturday, May 11, 2019

കണ്ണൂർ എ.എർ ക്യാമ്പിനകത്തെ റോഡിൽ നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്ത കവർ കിട്ടി. എ.എസ്.പിയുടെ പരിശോധനയ്ക്കിടെ ഭരണാനുകൂല സംഘടനാ നേതാക്കൾ പോസ്റ്റൽ വോട്ട് ചെയ്ത കവർ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. തിരക്ക് പിടിച്ച് മാറ്റുന്നതിനിടെ പോസ്റ്റൽ വോട്ട് ചെയ്ത കവർ വഴിയിൽ വീണതാവാനാണ് സാധ്യത.

എ.എസ്.പി അരവിന്ദ് സുകുമാരിന്‍റെ നേതൃത്വത്തില്‍ എ.ആർ ക്യാമ്പിലെ ഡ്യൂട്ടി ഓഫിസിൽ ഉൾപ്പെടെ മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ വിശദാശങ്ങൾ പൊലീസ് പുറത്ത് വിട്ടില്ല. പരിശോധനയ്ക്ക് മുന്നെ വോട്ട് ചെയ്ത പോസ്റ്റൽ ബാലറ്റുകൾ ഭരണാനുകൂല സംഘടനാ നേതാക്കൾ രഹസ്യ സ്ഥലത്തേക്ക് മാറ്റിയതായാണ് സൂചന. ഇതിനിടെ ബാലറ്റ് റോഡില്‍ വീണതാകാമെന്നാണ് കരുതുന്നത്. ഐ.ജിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.

പോലീസിലെ പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വ്യാപക ക്രമക്കേട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണയും സ്ഥിരീകരിച്ചു. ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്നും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം അപര്യാപ്തമാണെന്നും മൂന്നോ നാലോ പേരില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ കുറ്റക്കാരെയും ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും വെളിച്ചത്തുകൊണ്ടുവരാനാകൂവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.