വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം ഇത്തവണയും പ്രതിസന്ധിയിൽ

Jaihind Webdesk
Saturday, May 11, 2019

വേനലവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കാൻ 3 ആഴ്ച ബാക്കിനിൽക്കെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം ഇത്തവണയും പ്രതിസന്ധിയിൽ. ഇത്തവണ യൂണിഫോം സർക്കാർ നേരിട്ട് സ്‌കൂളുകളിൽ എത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളളത്. എന്നാൽ, ഇതിനായി യാതൊരു ശ്രമവും സർക്കാർ ആരംഭിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് രണ്ടു ജോഡി സൗജന്യ യൂണിഫോമിനുള്ള തുകയായിരുന്നു സ്കൂളുകൾക്ക് സർക്കാർ നൽകിയിരുന്നത്. ഇതിൽ തന്നെ 30% തുക ഇനിയും എയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ നൽകാൻ ബാക്കിയുണ്ട്. അതിനിടെയാണ് ഇത്തവണ സർക്കാർ നേരിട്ട് യൂണിഫോം സ്കൂളുകളിൽ എത്തിക്കുമെന്ന ഉത്തരവിറങ്ങിയത്. മെയ് 2-3 തീയതികളിൽ യൂണിഫോം വിതരണം ആരംഭിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഏത് തരം തുണിയാണെന്ന കാര്യത്തിൽ പോലും ഇതുവരെ സർക്കാരിന് വ്യക്തത വരുത്താനായിട്ടില്ലെന്നതാണ് വസ്തുത.

LP സ്കൂളുകളിലെ ആൺകുട്ടികൾക്ക് പാന്‍റിനായി ഇത്തവണയും അനുവദിച്ചിരിക്കുന്നത് അര മീറ്റർ തുണിയാണ്. നിക്കറിന് പോലും ഈ തുണി തികയുന്നില്ല എന്ന മുൻ വർഷത്തെ ആക്ഷേപത്തിന് ഇക്കൊല്ലവും പരിഹാരമില്ല.

സ്കൂൾ തുറക്കുന്നതിന് മുമ്പ് സൗജന്യ യൂണിഫോം ലഭിക്കുമെന്ന ഉറപ്പ് സ്കൂൾ അധികൃതർക്ക് പോലുമില്ല. അതിനാൽ പുറമെ നിന്നും യൂണിഫോം തുണി വാങ്ങി തയ്പിക്കാനാണ് അധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകുന്ന നിർദ്ദേശം.

https://www.youtube.com/watch?v=EguosgfOT2Y&feature=youtu.be