മലയാളി അമ്മമാരുടെ ഫാഷന്‍ ഷോ നാളെ; റാംപില്‍ ചുവടുവെക്കാന്‍ പ്രായം മറന്ന് പെണ്‍പട

B.S. Shiju
Thursday, May 2, 2019

ദുബായ് : മിഡില്‍ ഈസ്റ്റിലെ മലയാളി അമ്മമ്മാര്‍ പങ്കെടുക്കുന്ന ‘മിസിസ് ഇന്ത്യ ഇന്‍റര്‍നാഷണല്‍ 2019’ എന്ന ഫാഷന്‍ ഷോ നാളെ മെയ് 3ന് യു.എ.ഇയിലെ ഷാര്‍ജയില്‍ നടക്കും. മലയാളി മംസ് മിഡില്‍ ഈസ്റ്റ് (MMME ) എന്ന കൂട്ടായ്മയുടെ, മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ രാജ്യാന്തര ഫാഷന്‍ മത്സരം.

വിവാഹം കഴിഞ്ഞത് കൊണ്ടോ അമ്മയായതു കൊണ്ടോ ഇനി ഫാഷന്‍ പരേഡില്‍ മത്സരിക്കാനാകില്ലെന്ന ടെന്‍ഷന്‍ വേണ്ട. മലയാളികളായ അമ്മമാര്‍ക്ക് വേണ്ടിയുള്ള മിസിസ് ഇന്ത്യ ഇന്‍റര്‍നാഷണല്‍ 2019 എന്ന ഫാഷന്‍ ഷോയ്ക്കാണ് യു.എ.ഇ സാംസ്‌കാരിക നഗരമായ ഷാര്‍ജ വേദിയാകുന്നത്. മെയ് മൂന്നിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മുതല്‍ ഷാര്‍ജ എക്‌സ്‌പോ സെന്‍ററില്‍ അമ്മമ്മാര്‍ റാംപില്‍ എത്തും. കേരള ഫാഷന്‍ ലീഗ് എന്ന കെ.എഫ്.എല്ലിന്‍റെ ആദ്യ ഇന്‍ര്‍നാഷണല്‍ മത്സരം കൂടിയാണിത്. യു.എ.ഇയിലെ മലയാളികളായ അമ്മമ്മാര്‍ ദുബായ് കേന്ദ്രീകരിച്ച് ആരംഭിച്ച ആദ്യ കൂട്ടായ്മയായ മലയാളി മംസ് മിഡില്‍ ഈസ്റ്റിന്‍റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ രാജ്യാന്തര ഫാഷന്‍ മത്സരമെന്ന് സ്ഥാപക കൂടിയായ ദിയ ഹസന്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 13 സ്ത്രീകളാണ് ഫൈനല്‍ റൗണ്ടില്‍ പങ്കെടുക്കുന്നതെന്ന് എം.എം.എം.ഇ കൂട്ടായ്മയുടെ അഡ്മിന്‍ ഫാത്തിമ അഹമ്മദ് കൂട്ടിച്ചേര്‍ത്തു. അനന്തര 2019 എന്ന പേരിലാണ് മൂന്നാം വാര്‍ഷികം. ഇതോടൊപ്പം കുട്ടികള്‍ക്കായി ഫാഷന്‍ ഷോയും അരങ്ങേറും. നാല്‍പതോളം കുട്ടികളും ഇതിനായി അണിനിരക്കും. സംഗീതവും നൃത്തവും ഫാഷനും ഫുഡ് ഫെസ്റ്റിവലുമായി രാവിലെ പത്ത് മുതല്‍ രാത്രി 11 വരെ നീണ്ടു നില്‍ക്കുന്നതാണ് വാര്‍ഷികാഘോഷം. വാര്‍ത്താസമ്മേളനത്തില്‍ എം.എം.എം.ഇ കൂട്ടായ്മയുടെ അഡ്മിന്‍ മഞ്ജു പ്രദീപ്, കെ.എഫ്.എല്‍ സ്ഥാപകന്‍ അബില്‍ ദേവ്, മുതിര്‍ന്ന ഫാഷന്‍ കൊറിയോഗ്രാഫര്‍ എം.എസ് ശ്രീധര്‍ എന്നിവര്‍ സംബന്ധിച്ചു.

https://www.facebook.com/jaihindtvmiddleeast/videos/2206934269396692/