കൈപ്പത്തിക്ക് കുത്തിയാല്‍ താമരക്ക് വീഴുന്നു; കോവളത്തും ചേര്‍ത്തലയിലും വോട്ടിങ് മെഷീനില്‍ ഗുരുതര പിഴവ്; അന്വേഷണം ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍

Tuesday, April 23, 2019

തിരുവനന്തപുരം: കോവളത്തും ചേര്‍ത്തലയിലും രണ്ടു ബൂത്തുകളില്‍ കൈപ്പത്തിക്ക് രേഖപ്പെടുത്തുന്ന വോട്ടുകള്‍ വീഴുന്നത് താമരക്കെന്ന് ആക്ഷേപം. കോവളം ചൊവ്വര 151-ാം ബൂത്തില്‍ കൈപ്പത്തിക്ക് വോട്ടു ചെയ്യുന്ന വോട്ടുകള്‍ വീഴുന്നത് താമരക്കാണ്. 76 പേര്‍ വോട്ടു ചെയ്തതിനുശേഷമാണ് പിഴവ് കണ്ടെത്തിയത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വോട്ടിങ് മെഷീന്‍ മാറ്റി.

വോട്ടിംഗ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചതോടെയാണ് പ്രശ്നം പുറത്തറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

എല്‍ഡിഎഫ് പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം പ്രതിഷേധിക്കുകയാണ്. രാവിലെ മോക്ക് പോള്‍ ആരംഭിച്ച ഘട്ടത്തില്‍ ഈ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് വിവരം. ദേശീയതലത്തില്‍ പലയിടത്തും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരയ്ക്ക് പോകുന്നത്.

പ്രതിഷേധം കാരണം പഴയ വോട്ടിംഗ് മെഷീന്‍ പിന്‍വലിച്ച് പുതിയ മെഷീന്‍ കൊണ്ടുവന്ന് പോളിംഗ് പുനരരംഭിച്ചിട്ടുണ്ട്. ഇതുവരെ രേഖപ്പെടുത്തിയ 76 വോട്ടുകളുടെയും വിവി പാറ്റ് സ്ലിപ് പരിശോധിക്കണമെന്ന് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇക്കാര്യം രേഖാമൂലം നല്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ ആവശ്യപ്പെട്ടു. പ്രശ്നം വിശദമായി പരിശോധിച്ച് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുമെന്നാണ് സൂചന.

ചേര്‍ത്തല കിഴക്കേ നാല്‍പതില്‍ ബൂത്തില്‍ പോള്‍ ചെയ്യുന്ന വോട്ട് മുഴുവന്‍ ബി.ജെ.പിക്കാണു വീഴുന്നത്. എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് വോട്ടിങ് യന്ത്രം മാറ്റി. ഇരു മണ്ഡലങ്ങളിലേയും വി.വി പാറ്റുകള്‍ എണ്ണണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കല്‍ വേണ്ടത്ര ഗൗരവത്തോടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.