റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് കോൽക്കത്തയ്ക്കെതിരെ ജയം. പത്ത് റൺസിന് കോൽക്കത്തയെ വീഴ്ത്തിയാണ് ഈ ഐപിഎല്ലിലെ രണ്ടാം വിജയം കോഹ്ലിയും കൂട്ടരും സ്വന്തമാക്കിയത്. 214 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കോൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റിന് 203 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
25 പന്തിൽ രണ്ട് ഫോറും ഒന്പത് സിക്സും സഹിതം 65 റൺസെടുത്ത റസൽ ബംഗളൂരുവിന് ഭീഷണി ഉയർത്തിയിരുന്നു.
എന്നാൽ അവസാന രണ്ട് ഓവറിൽ 42 റൺസെന്ന വലിയ ലക്ഷ്യം മറികടക്കാൻ റസലിനായില്ല. 46 പന്തിൽ ഒന്പത് ഫോറും അഞ്ചു സിക്സും ഉൾപ്പെടെ 85 റൺസുമായി നിധീഷ് റാണ റസലിനു മികച്ച പിന്തുണ നൽകി. ശുഭ്മാൻ ഗില്ലും റോബിൻ ഉത്തപ്പയും ഒന്പത് റൺസ് വീതം നേടി. അഞ്ചാം വിക്കറ്റിൽ റാണയും റസലും ചേർന്ന് 118 റൺസിൻറെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ബംഗളൂരുവിനായി സ്റ്റെയ്ൻ രണ്ടും സായ്നിയും സ്റ്റോയിൻസും ഒരു വിക്കറ്റ് വീതവും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗളൂരു വിരാട് കോഹ്ലിയുടെയും മൊയീൻ അലിയുടെയും കൈക്കരുത്തിലാണ് 213 റൺസ് നേടിയത്. 58 പന്തിൽ 100 റൺസ് കോഹ്ലി നേടി. 28 പന്തിൽ അലി നേടിയത് 66 റൺസാണ്. പാർഥിവ് പട്ടേൽ 18 റൺസും ആകാശ്ദീപ് 13 റൺസും നേടി. എട്ട് പന്തിൽ സ്റ്റോയിൻ 17 റൺസെടുത്തു പുറത്താകാതെ നിന്നു. കോൽക്കത്തയ്ക്കായി കുൽദീപ് യാദവ്, റസൽ, സുനിൽ നരെയ്ൻ, ഗേണി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.