ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ ബി.ജെ.പിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ്. നോട്ട് അസാധുവാക്കല്‍ സമയത്തെ നോട്ട് മാറ്റി നല്‍കല്‍ അഴിമതിയില്‍ ബി.ജെ.പിക്കെതിരെ കൂടുതല്‍ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഗുജറാത്തിലെ ബി.ജെ.പി ഓഫീസ്, മഹാരാഷ്ട്ര കൃഷിമന്ത്രിയുടെ ഓഫീസ്, മുംബൈ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നടന്ന ഇടപാടിന്റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
നോട്ട് നിരോധനത്തെക്കുറിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് അറിവുണ്ടായിരുന്നുവെന്ന് ഒളിക്യാമറ ദൃശ്യങ്ങളിലെ സംഭാഷണത്തില്‍ നിന്നും വ്യക്തമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നോട്ട് നിരോധന സമയത്തെ വ്യാപക അഴിമതി തുറന്ന് കാട്ടുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും കേസെടുത്ത് അന്വേഷണം നടത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
നോട്ട് അസാധുവാക്കലിന് മുമ്പ് വിദേശത്ത് നിന്ന് പുതിയ നോട്ട് അച്ചടിച്ചു കടത്തിയെന്ന ആരോപണം ശരിയെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. സ്റ്റിങ് ഓപ്പറേഷന്‍ വീഡിയോയില്‍ ഉള്ളയാള്‍ നേരത്തെ ഐ.ബി ഫീല്‍ഡ് അസിസ്റ്റന്റ് ആയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ സ്ഥിരീകരിച്ചു. ഇയാളെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നെന്ന ക്യാബിനറ്റ് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ നിന്ന് തന്നെ ഇടപാടിലെ ഇയാളുടെ പങ്ക് വ്യക്തമാണെന്ന് കപില്‍ സിബല്‍ ആരോപിച്ചു.
നോട്ട് മാറ്റി നല്‍കാന്‍ ഗുജറാത്ത് കൃഷി മന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചകളുടെ ദൃശ്യങ്ങളും ഹോട്ടലില്‍ പണം കൈമാറുന്ന ദൃശ്യങ്ങളുമാണ് കോണ്‍ഗ്രസ് പുറത്തു വിട്ടത്. ചര്‍ച്ചയില്‍ ഡി സി പി വഡേക്കര്‍, ബാങ്ക് ഓഫ് ഇന്ത്യ മുന്‍ മേധാവി റൂസ്തം ദാരുവാല എന്നിവരും പങ്കെടുത്തിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മുബൈയിലെ ട്രിനാഡ ഹോട്ടലില്‍ ബാങ്ക് ഓഫ് ഇന്ത്യാ ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുത്ത ദൃശ്യങ്ങളും പുറത്തു വിട്ടു.
നോട്ട് നിരോധന സമയത്ത് പഴയ നോട്ടുകള്‍ ബാങ്കില്‍ കൈമാറാനുള്ള സമയ പരിധി കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും കോടിക്കണക്കിന് രൂപ കൈമാറ്റം ചെയ്തു.
അഹമ്മദാബാദിലെ ബിജെപി ഓഫീസ് കേന്ദ്രീകരിച്ചു നടന്നതു വ്യാപക അഴിമതി എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2017 മാര്‍ച്ചിലെ വീഡിയോകള്‍ പുറത്ത് വിട്ട് കൊണ്ടാണ് കോണ്‍ഗ്രസ് വെളിപ്പെടുത്തല്‍ നടത്തിയത്.