രാഹുൽ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; റോഡ്ഷോ പുരോഗമിക്കുന്നു

Jaihind Webdesk
Thursday, April 4, 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ മുകുൾ വാസ്നിക്,കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ്, മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ് എന്നിവരോടൊപ്പം എത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്.  നാല് സെറ്റ് പത്രികകളാണ് രാഹുൽ ഗാന്ധി സമര്‍പ്പിച്ചത്.

കൽപറ്റയിലെ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും തുറന്ന വാഹനത്തിലാണ് രാഹുൽ കലക്ടറേറ്റിലേയ്ക്ക് എത്തിയത്. രാവിലെ പതിനൊന്നരയോടെ കളക്ട്രേറ്റിലെത്തിയ രാഹുൽ ഗാന്ധി രണ്ടാം ഗേറ്റ് വഴിയാണ്  കളക്ട്രേറ്റിന് അകത്തേക്ക് പോയത്.  കര്‍ശന സുരക്ഷയാണ് കളക്ട്രേറ്റിലും പരിസരത്തും ഒരുക്കിയിരുന്നത്.  ഒമ്പത് മണിക്ക് മുൻപ് തന്നെ ജീവനക്കാരെ എല്ലാം കളക്ട്രേറ്റിനകത്ത് പ്രവേശിപ്പിച്ചു.

രാവിലെ 10.45 ഓടെയാണ് കോഴിക്കോട്ടുനിന്ന് രാഹുൽ വയനാട്ടിലേക്കു പുറപ്പെട്ടത്. 11.06 ഓടെ ഇരുവരെയും വഹിച്ചെത്തിയ ഹെലിക്കോപ്റ്റർ വയനാട്ടിലെത്തി. രാഹുലിനെ സ്വീകരിക്കാൻ ഒട്ടേറെ പ്രവർത്തകരാണ് ഇവിടെ എത്തിയിരുന്നത്. റോഡിന്‍റെ ഇരുവശത്തും ബാരിക്കേഡുകൾ കെട്ടി ജനങ്ങളെ നിയന്ത്രിക്കുന്നുണ്ട്. എങ്കില്‍ പോലും ആവേശം അണപൊട്ടി റോഡിൽ നിറഞ്ഞ് നിൽക്കുകയാണ് പ്രവർത്തകർ‌.

പത്രിക സമര്‍പ്പണത്തിന് ശേഷം കലക്ടറേറ്റിൽനിന്ന് കൽപറ്റയിലേക്ക് രാഹുലും പ്രിയങ്കയും റോഡ്ഷോ നടത്തുകയാണ്.

സമീപകാലത്ത് വൈത്തിരിയില്‍ ഉണ്ടായ വെടിവയ്പിന് തിരിച്ചടി ഉണ്ടാകും എന്ന മാവോയിസ്റ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ മേഖല അതീവ സുരക്ഷയിലാണ്. പൂര്‍ണമായും എസ്പിജി നിയന്ത്രണത്തിലാണ് കൽപറ്റ.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി കോഴിക്കോട്, വയനാട് ജില്ലകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ നിയന്ത്രണത്തിന്‍റെ ഭാഗമായി രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ താമരശേരി ചുരത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തി.