ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വരുന്ന സമയത്ത് മുന്നറിയിപ്പില്ലാത്ത ഡാമുകള്‍ തുറന്നവിട്ടതാണ് പ്രളയത്തിന് കാരണമെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനും ഇടതുപക്ഷത്തിനും സൃഷ്ടിക്കുന്ന വെല്ലുവിളി ചെറുതല്ല. മഹാപ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ പാളിച്ചയാണെന്ന ആരോപണം ആദ്യം മുതല്‍ തന്നെ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയാണ് പ്രളയത്തിന് കാരണം എന്നായിരുന്നു സര്‍ക്കാര്‍ വാദം. ഡാമില്ലാത്ത നദികളില്‍ പോലും വെള്ളപ്പൊക്കമുണ്ടായത് ചൂണ്ടിക്കാട്ടിയാണ് ഡാമുകള്‍ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമെന്ന വാദത്തെ സര്‍ക്കാരും ഇടതുപക്ഷവും പ്രതിരോധിച്ചത്. എന്നാല്‍ പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാരിന്റെ അനാസ്ഥയാണ് സംസ്ഥാനത്ത് ദുരന്തമുണ്ടാക്കിയതെന്നും 480 പേരുടെ മരണത്തിന് മുഖ്യമന്ത്രി ഉത്തരം പറയേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഉണ്ടായ പ്രളയം മഹാദുരന്തമായത് മനുഷ്യനിർമിതമെന്ന് ആർ.ജി.ഐ.ഡി.എസ് നിയമിച്ച സമിതിയുടെ പഠന റിപ്പോർട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡാമുകൾ പരമാവധി നിറഞ്ഞ സാഹചര്യത്തിൽ നിയന്ത്രിതമായി തുറന്നു വിടണമെന്ന വിദഗ്ധരുടേയും മാധ്യമങ്ങളുടെയും ആവശ്യം മുഖവിലയ്ക്കെടുക്കാതെ വൈദ്യുതി ഉത്പാദനം എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തി സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചപ്പോൾ ജലം നിയന്ത്രിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. സംഭരണികളുടെ ഷട്ടറുകൾ ഒരു നിയന്ത്രണവുമില്ലാതെ ഒന്നിച്ചു തുറന്നു വിട്ടു. ഇത് ദുരന്തവ്യാപ്തി വർധിപ്പിച്ചു എന്ന് ആർ.ജി.ഐ.ഡി.എസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഡാം മാനേജ്മെന്റ് അധികൃതർ, ജലസേചന അധികൃതർ, ജില്ലാ ഭരണകൂടം എന്നിവർ തമ്മിൽ അണക്കെട്ടുകൾ തുറയ്ക്കുന്നത് സംബന്ധിച്ച് യാതൊരു തരത്തിലുമുള്ള എകോപനവും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതെല്ലാം ശരിവയ്ക്കുന്നതാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടും.
പ്രളയമുണ്ടായതു സർക്കാരിന്റെ അപക്വമായ ഇടപെടൽ കൊണ്ടാണെന്നും സർക്കാർ സംവിധാനങ്ങൾക്കു തെറ്റുപറ്റിയിട്ടുണ്ടെന്നും ഇതു പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു 16 ഹർജികൾ ഹൈക്കോടതിയിലെത്തിയിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ കോടതിയെ സഹായിക്കുന്നതിനു വേണ്ടിയാണ് അഭിഭാഷകൻ ജേക്കബ് പി. അലക്സിനെ അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ചത്. പരാതികൾ പരിഗണിച്ചു വിശദമായ പഠനങ്ങൾക്കുശേഷമാണ് ജേക്കബ് പി. അലക്സ് ഇന്നു കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
സംസ്ഥാനത്തെ വളരെ വലിയ ദുരന്തത്തിലേയ്ക്ക് തള്ളി വിട്ട സംസ്ഥാന സര്‍ക്കാര്‍ ഇതിന് തെരഞ്ഞെടുപ്പില്‍ വില നല്‍കേണ്ടി വരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. പ്രളയം ദുരന്തം വിതച്ച് ദിവസങ്ങളും മാസങ്ങളും പിന്നിട്ടിട്ടും ആശ്വാസ ധനസഹായം പോലും ലഭിക്കാതെ കർഷകർ ഇപ്പോഴും ദുരിതത്തിൽ തന്നെയാണെന്നതും ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കർഷകര്‍ ഒരുവിധ സഹായവും ലഭിക്കാത്തതിനാൽ സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.
സർക്കാർ കർഷകരോട് കടുത്ത വഞ്ചന കാട്ടുകയാണെന്നാണ് ആക്ഷേപമുയരുന്നത്. ലക്ഷകണക്കിന് രൂപയുടെ നഷ്ടം ഉണ്ടായ കർഷകർ കടുത്ത സാമ്പത്തിക പ്രധിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഏക്കർ കണക്കിന് കൃഷിഭൂമിയും വീടും നഷ്ടപ്പെട്ടവർക്കുപോലും ഇതുവരെയും യാതൊരുവിധത്തിലുള്ള സഹായവും ലഭിച്ചിട്ടില്ല എന്നത് കർഷകരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. പലരെയും ആത്മഹത്യയിലേയ്ക്ക് തള്ളി വിടുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
പ്രളയദുരന്തത്തിന് പിന്നാലെ റവന്യു റിക്കവറിയിലും ബാങ്ക് റിക്കവറിയിലും വ്യാപൃതരായി സർക്കാർ വകുപ്പുകൾ കൂടി എത്തിയതോടെ മനംനൊന്ത് ഉരുകുന്ന ജനസമൂഹത്തിന് മുന്നിലേയ്ക്കെത്തുന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തങ്ങള്‍ക്കെതിരെ ജനവികാരം തിരിച്ചു വിടുമെന്ന അങ്കലാപ്പ് പാര്‍ട്ടിയെയും സര്‍ക്കാരിനെയും വലയ്ക്കുകയാണ്. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതിനെ മറികടക്കാന്‍ വഴിതേടുകയാണ് എല്‍ഡിഎഫ്.