കൊടുംചൂടിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡ് മറികടന്നു. 84.21 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞദിവസത്തെ ഉപഭോഗം. രാത്രിയിലെ വൈദ്യതി ഉപയോഗം 4194 മെഗാവാട്ടായും ഉയർന്നു. പകൽ താപനിലയ്ക്കൊപ്പം രാത്രി താപനിലയും ഉയരുന്നതിനാലാണ് ഈ സാഹചര്യം.
മിക്കയിടത്തും രാത്രി അന്തരീക്ഷ താപനില 26 ഡിഗ്രി സെൽഷ്യസ് വരെ എത്തുന്നുണ്ട്. വരുംദിവസങ്ങളിൽ ചൂട് വീണ്ടും ഉയരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ കെഎസ്ഇബി കരുതലോടെയാണ് നീങ്ങുന്നത്. ഉൽപ്പാദനം ക്രമീകരിച്ചും പുറത്തുനിന്നുള്ള വൈദ്യുതി കൃത്യമായി എത്തിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പുറത്തുനിന്നുള്ള വൈദ്യുതിലഭ്യതയിൽ കുറവുണ്ടെങ്കിലും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. വൈദ്യുതി പാഴാക്കരുതെന്നും അധികൃതർ അഭ്യർഥിച്ചു. രാത്രി ഉപയോഗം അസാധാരണമാംവിധം വർധിച്ചത് ചിലയിടങ്ങളിൽ ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഇത്തരം തകരാറുകൾ പെട്ടെന്ന് പരിഹരിക്കാൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തി.