KSRTC എം പാനല്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി

Friday, March 8, 2019

KSRTC M Panel

കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാരുടെ സമരം ഒത്തുതീർപ്പായി. അഞ്ച് വർഷത്തിൽ കൂടുതൽ സർവീസുള്ളവരെ കെ.എസ്.ആർ.ടി.സിയിൽ ലീവ് വേക്കൻസിയിൽ നിയമിക്കാന്‍ സമരക്കാരും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചർച്ചയില്‍ തീരുമാനമായി. ഒത്തുതീര്‍പ്പിന് പിന്നാലെ ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നില്‍ ഒന്നരമാസത്തിലേറെ നടത്തിവന്ന സമരം അവസാനിപ്പിച്ചു.

സ്ഥിരം ജീവനക്കാരുടെ ലീവ് വേക്കന്‍സിയിലാണ് എം പാനല്‍ ജീവനക്കാരെ നിയമിക്കാന്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെയാണ് നിയമിക്കുന്നത്. ഇപ്പോള്‍ നിലവില്‍ 1,300 ഓളം സ്ഥിര ജീവനക്കാര്‍ അവധിയിലാണ്. ഇതില്‍ നാനൂറോളം പേര്‍ അപകടത്തെ തുടര്‍ന്ന് അവധിയിലാണ്. നൂറോളം പേര്‍ ദീര്‍ഘകാല അവധിക്കും അപേക്ഷിച്ചിട്ടുണ്ട്. ഇവരുടെ ഒഴിവിലേക്കാണ് എം പാനല്‍ ജീവനക്കാരെ നിയമിക്കുന്നത്.

ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനും സമരക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് നിലവിലെ തീരുമാനം. കെ.എസ്.ആർ.ടി.സിയിൽ ഉണ്ടായിരുന്ന 8,023 എം പാനല്‍ ജീവനക്കാരില്‍ 4,071 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ഇവര്‍ സമരം ആരംഭിച്ചത്.