സിപിഐ സ്ഥാനാർത്ഥി നിർണയത്തിൽ വൻ വെട്ടിനിരത്തൽ. തൃശ്ശൂരിൽ സിറ്റിങ്ങ് എംപിയായ ജയദേവനെ മാറ്റി രാജാജി മാത്യു തോമസിനെ സ്ഥാനാർഥിയായി നിശ്ചയിച്ചു. സിപിഐ സംസ്ഥാന നിർവ്വാഹക സമിതിയോഗത്തിൽ വൻ വാഗ്വാദങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് സിപിഐ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്.
തിരുവനന്തപുരത്ത് പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ മത്സരിക്കണമെന്ന ശക്തമായ സമ്മർദ്ദം ഉയർന്നെങ്കിലും മത്സരിക്കുന്നില്ല എന്ന തന്റെ നിലപാടിൽ കാനം രാജേന്ദ്രന് ഉറച്ചുനിന്നതോടെയാണ് സി. ദിവാകരന് തിരുവന്തപുരത്ത് മത്സരിക്കാൻ നറുക്ക് വീണത്.
തൃശ്ശൂരിൽ സ്ഥാനാർത്ഥി നിർണയത്തിൽ വൻ വെട്ടി നിരത്തലായിരുന്നു കാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. തന്റെ അടുത്ത സുഹൃത്തും ജനയുഗം പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററുമായ രാജാജി മാത്യു തോമസാണ് തൃശൂരിൽ സിപിഐ സ്ഥാനാർഥി. അതേസമയം സിറ്റിങ്ങ് എംപി ജയദേവനെ ഒഴുവാക്കി നിർത്തിയതിൽ നിർവ്വാഹക സമിതി യോഗത്തിൽ വൻ വിമർശനം ഉയർന്നു.
മാവേലിക്കരയില്‍ അടൂർ എംഎൽഎയായ ചിറ്റയം ഗോപകുമാറിനെയാണ് യുഡിഎഫിനെ നേരിടാൻ സിപിഐ നിയോഗിച്ചിട്ടുള്ളത്.
വയനാടിൽ നേരത്തെ പറഞ്ഞു കേട്ടിരുന്ന സത്യൻ മൊകേരിയെ മാറ്റി പകരം പിപി സുനീറിനെയാണ് സിപിഐ നിയോഗിച്ചത്. സ്ഥാനാർഥി നിർണയം പതിവിൽ നിന്നും വ്യത്യസ്ഥമായി സിപിഎമ്മിലും വിഭാഗീയതയിലേക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.