കശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രിക്ക് വീഴ്ച്ചപ്പറ്റിയെന്ന വിമര്‍ശനവുമായി രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍ മേധാവി എ.എസ്. ദുലത് രംഗത്ത്. മുന്‍ പ്രധാനമന്ത്രിമാരെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദത്തെ കൈകാര്യം ചെയ്ത് പരാജയപ്പെട്ടെന്നും പാകിസ്ഥാനുമായി ചര്‍ച്ചകളല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും ദുലത് പറഞ്ഞു.
അപകടകാരിയായ അയല്‍ക്കാര്‍ക്ക് സമീപമാണ് നമ്മളുള്ളത്. കശ്മീര്‍ വിഷയത്തില്‍ എല്ലാ പ്രധാനമന്ത്രിമാരും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് അവരുടെ ഉന്നതി വര്‍ധിപ്പിക്കുന്നു. വാജ്‌പേയി മൂന്നുനാലു തവണ പരീക്ഷിക്കപ്പെട്ടു. 1999-ല്‍ അദ്ദേഹം കാര്‍ഗില്‍ യുദ്ധം നേരിട്ടു. അതേവര്‍ഷം ഇന്ത്യന്‍ വിമാനം റാഞ്ചി. 2001-ല്‍ പാര്‍ലമെന്റ് ഭീകരാക്രമണവും. എന്നാല്‍ അദ്ദേഹം പ്രകോപനങ്ങള്‍ ഒഴിവാക്കി- ദുലത് പറഞ്ഞു.
‘മുംബൈ ഭീകരാക്രമണ സമയത്ത് മന്‍മോഹന്‍ സിംഗും പരീക്ഷിക്കപ്പെട്ടു. എന്നാല്‍ മോദി ഭാഗ്യവാനായിരുന്നു. പുല്‍വാമ മാത്രമാണ് അദ്ദേഹത്തിനു നേരിടേണ്ടിവന്ന വന്‍ പരീക്ഷണം. മന്‍മോഹനും വാജ്‌പേയിയും വളരെ കുറച്ചുമാത്രമാണ് പരസ്യമാക്കിയത്. അവര്‍ ചെയ്തതെല്ലാം നിശബ്ദമായിരുന്നു. എന്നാല്‍ മോദി എല്ലാം അത്യുച്ചത്തില്‍ വിളിച്ചുപറഞ്ഞു, വിഷയം വഷളാക്കി’.
‘ചര്‍ച്ചകള്‍ക്കുള്ള ഇമ്രാന്‍ ഖാന്റെ ക്ഷണം ഇന്ത്യ സ്വീകരിക്കണം. സംഭവിച്ചതു സംഭവിച്ചുകഴിഞ്ഞു. ഇനി നയതന്ത്രമാണ് കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത്. ഇത് മാത്രമാണ് സര്‍ക്കാരിനു മുന്നില്‍ അവശേഷിക്കുന്ന പോംവഴി. പ്രധാനമന്ത്രിമാരായ മോദിയും അടല്‍ ബിഹാരി വാജ്‌പേയിയും കശ്മീരിലെ കൈകാര്യം ചെയ്തതില്‍ സമാനതകളില്ല. വാജ്‌പേയി ഒരു ഉന്നത വ്യക്തിത്വമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും താഴ്‌വരയില്‍ ആദരിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം നോക്കൂ’.