സ്ഫോടകവസ്തുക്കളുമായി രണ്ട് ഭീകരര്‍ കൊല്‍ക്കത്തയില്‍ പിടിയില്‍

Thursday, February 28, 2019

Terrorists

കൊല്‍ക്കത്ത: ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളുമായി രണ്ട് ഭീകരര്‍ മൂര്‍ഷിദാബാദില്‍ പിടിയിലായി. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും മൂര്‍ഷിദാബാദ് പൊലീസും ചേര്‍ന്നാണ് ഭീകരരെ പിടികൂടിയത്. പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടവരാണ് പിടിയിലായത്.

ജമാഅത് ഉൽ മുജാഹിദീൻ ബം​ഗ്ലാദേശ് (JMB) എന്ന സംഘടനയിൽപ്പെട്ടവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇവരില്‍ നിന്നും ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. മൂര്‍ഷിദാബാദില്‍ ഭീകരര്‍ ഒളിവില്‍ താമസിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും മൂര്‍ഷിദാബാദ് പൊലീസിന്‍ളെ പ്രത്യേക ദൌത്യസംഘവും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ നീക്കത്തില്‍ ഇവരെ പിടികൂടുകയായിരുന്നു.

മൊഷിബൂര്‍ റഹ്മാന്‍ ഏലിയാസ് ഫറൂഖ്, റൂഹുല്‍ അമീന്‍ ഏലിയാസ് സെയ്ഫുള്ള എന്നിവരാണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബോംബ് ആക്രണം നടത്തി കസ്റ്റഡിയിലുള്ള ഭീകരനെ മോചിപ്പിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും പോലീസ് അറിയിച്ചു.