കൊല്ലം: കോടിയേരിയുടെ കേരള സംരക്ഷണയാത്രക്ക് തേരാളി ആര്.എസ്.എസ് പ്രവര്ത്തകന്. കൊല്ലം ജില്ലയില്‍ സി.പി.എമ്മും ആര്.എസ്.എസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവുകള്‍ പുറത്തുവന്നുതുടുങ്ങി. കേരള സംരക്ഷണയാത്രയുമായി കൊട്ടാരക്കരയിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച തുറന്ന ജീപ്പ് ഓടിച്ചത് ആര്.എസ്.എസ് പ്രവര്ത്തകന്. ഇതുസംബന്ധിച്ച വിവാദം പാര്‍ട്ടി വേദികളില്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍.
ജീപ്പ് ഓടിച്ചിരുന്ന ആര്.എസ്.എസ് പ്രവര്‍ത്തകനെക്കുറിച്ച് പാര്‍ട്ടി സോഷ്യല്‍ മീഡിയ വേദികളിലും പ്രാദേശിക ഘടകങ്ങളിലും ചോദ്യങ്ങളുയര്‍ത്തുകയാണ് സാധാരണ പ്രവര്‍ത്തകര്‍. ജീപ്പ് ഓടിച്ചിരുന്നയാള്‍ ശബരിമല വിഷയം, വനിത മതില് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നരത്തെ പങ്കുവെച്ചിരുന്നുവെന്നാണ് ആരോപണം.ഈ പോസ്റ്റുകള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണ്. ചില ലോക്കല്‍ കമ്മിറ്റി യോഗങ്ങളിലും വിഷയം ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. കൊട്ടാരക്കര പൂവറ്റൂരിലെ ഒരു കരാറുകാരന്റെ ഉടമസ്ഥതതയിലുള്ള ജീപ്പാണ് കോടിയേരിക്ക് യാത്ര ചെയ്യാന്‍ പാര്‍ട്ടി ഏര്‍പ്പാടാക്കിയത്.
ഒരു പൈസപോലും കൊടുക്കരുത്.. സര്‍ക്കാര്‍ 50 കോടി ചെലവാക്കി നിര്‍മ്മിക്കുന്ന മതിലാണ് പ്രളയ ദുരിതമനുഭവിക്കുന്ന ജനത്തിന് കൊടുക്കാതെ കാണിക്കുന്ന ഈ തോന്ന്യാസത്തിന് കൂട്ട് നില്‍ക്കരുത് എന്ന് എഴുതിയ പോസ്റ്റ് ഫേസ്ബുക്കില്‍ ഇയാള്‍ പങ്കുവെച്ചിരുന്നുവെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പോസ്റ്റുകള്‍ ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് വിരോധിയും പ്രസ്ഥാനത്തിന് എതിരെ മുറപോലെ രാവിലെയും വൈകിട്ടും ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്യുന്ന വ്യക്തി സഖാവ് കോടിയേരിയുെ എല്‍.ഡി.എഫ് ജാഥയില്‍ തുറന്ന ജീപ്പുമായെത്തി. ആര്‍ക്കും തെറ്റുതിരുത്തി ഈ പ്രസ്ഥാനത്തിന് അണിചേരാം അപ്പോഴും മുമ്പ് നമുക്കെതിരെ പങ്കുവെച്ച പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത് അദ്ദേഹം നീതി പുലര്‍ത്തേണ്ടതുണ്ട്. ഇതായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ വന്ന പോസ്റ്റുകളിലൊന്ന്.