പെരിയയില്‍ കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച ശേഷം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. കൊല്ലപ്പെട്ട ചെറുപ്പക്കാരുടെ വീടിനെ കുറിച്ചും കുടുംബങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചും ഫിറോസ് കണ്ടറിഞ്ഞ കാര്യങ്ങളും ഒപ്പം സിപിഎം ആ പ്രദേശത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളും അക്കമിട്ട് നിരത്തുന്നു.
‘പീതാംബരന് ക്രിമിനലാണെന്ന് ആ വീട്ടിലെ സ്ത്രീകളെല്ലാവരും പറഞ്ഞു. കുട്ടികള്‍ വാദ്യമേളം പഠിക്കുന്ന സാംസ്കാരിക നിലയത്തിന് തീയിട്ടത്, ഒരു വീടു കത്തിച്ചത്, മഹേഷിന്റെ തലക്കടിച്ചത്, പ്രസാദിന്റെ കൈക്ക് വെട്ടിയത്… അവര്‍ എണ്ണിയെണ്ണി പറഞ്ഞു.’
‘ഇടതു ലിബറലുകളും ആദ്യം കൊലപാതകത്തെ തള്ളിപ്പറഞ്ഞ പിണറായി ഭക്തുക്കളുമൊക്കെ തനി നിറം കാട്ടാന്‍ തുടങ്ങിയിട്ടുണ്ട്. ഇതൊന്നും നിങ്ങള്‍ക്ക് മനസ്സിലാവില്ല സുഹൃത്തേ… ഭക്തുക്കളുടെ കയ്യടിക്കിടയില്‍ ജീവിക്കുന്ന നിങ്ങള്‍ക്കിത് ഒട്ടും മനസ്സിലാവില്ല. മനസ്സിലാവണമെങ്കില്‍ കമ്മ്യൂണിസ്റ്റ് കാപാലികര്‍ക്ക് വേരോട്ടമുള്ളിടത്ത് അവര്‍ക്കെതിരെ സംസാരിച്ചു നോക്കണം. അവര്‍ക്കെതിരെ പ്രവര്‍ത്തിച്ചു നോക്കണം. അപ്പോഴേ കൃപേഷുമാരെ നിങ്ങള്‍ക്ക് മനസ്സിലാക്കാനാവൂ.’ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാറിനോടൊപ്പം ഇന്ന് കാസര്‍കോട് കല്യോട്ട് സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. കൂടെ സംസ്ഥാന ഭാരവാഹികളായ ഫൈസല്‍ ബാഫഖി തങ്ങള്‍, എ.കെ.എം അഷ്റഫ്, ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തുടങ്ങിയ സഹപ്രവര്‍ത്തകരും.
ആദ്യം പോയത് കൃപേഷിന്റെ വീട്ടിലേക്കായിരുന്നു. രണ്ട് പേര്‍ക്കൊരുമിച്ച് ചേര്‍ന്ന് നടക്കാനാവാത്ത വഴി. വീടെന്ന് പറയാനാവില്ല. കെട്ടിമേഞ്ഞ ഒരു ഷെഡ്ഡ്. അതിനകത്ത് രണ്ട് കട്ടില്. ഇലക്ട്രോണിക് ഉപകരണങ്ങളായി ഒരു മിക്സിയും ഫാനും മാത്രമേ ഉള്ളൂ. ഈ കൂരക്കുള്ളിലിരുന്നാണ് ഒരു 19 വയസ്സുള്ള ചെറുപ്പക്കാരന് സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയത്. പട്ടാളത്തില്‍ ചേരണമെന്നായിരുന്നുവത്രേ ആഗ്രഹം. ഉമ്മന്‍ ചാണ്ടിയെ കണ്ടതോടെ അച്ഛന് കൃഷ്ണന് പൊട്ടിക്കരഞ്ഞു.
പീതാംബരന് കൊന്നതാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു. ‘ഞങ്ങള്‍ക്കൊന്നും വേണ്ട സാറേ അവര്‍ക്ക് ശിക്ഷ കിട്ടിയാല്‍ മതി’ എന്ന് പറഞ്ഞ് ആ അച്ഛന് വിതുമ്പി. പിന്നീട് അമ്മയെ കാണാനായി അവരുടെ കട്ടിലിനടുത്തേക്ക് . ഇത്രയും പോറ്റി വളര്‍ത്തി വലുതാക്കിയിട്ട് ഞങ്ങള്‍ക്കൊരു തുണയാകുമ്പോഴേക്ക് അവര്‍ കൊന്നു കളഞ്ഞില്ലേ സാറേ എന്നവര്‍ ആര്‍ത്തലച്ചു പറഞ്ഞു. പിന്നീട് മോഹാലസ്യപ്പെട്ട് വീണു. രണ്ട് സഹോദരിമാരാണ് കൃപേഷിന്. അതിലൊരാള്‍ ഗര്‍ഭിണിയും. രണ്ട് പേരും കരഞ്ഞ് തളര്‍ന്ന് കിടക്കുകയാണ്.
ജോഷി എന്ന് വീട്ടുകാരും നാട്ടുകാരും സ്നേഹത്തോടെ വിളിക്കുന്ന ശരത് ലാലിന്റെ വീട്ടിലേക്കാണ് അവിടെ നിന്നും പോയത്. ഒരു സഹോദരിയാണ് ശരതിന്. സ്വന്തം കൂടപ്പിറപ്പിന്റെ തല വെട്ടിപ്പിളര്‍ന്ന് റോഡരികില്‍ കിടക്കുന്നത് ആദ്യം കണ്ടത് ഈ സഹോദരിയാണ്. ഇവരുടെ മനോനില ഇപ്പോഴും സാധാരണ രീതിയിലേക്കായിട്ടില്ല. അമ്മയുടെ സ്ഥിതിയും അത് തന്നെ. അച്ഛന് കുറച്ചു കൂടി വ്യക്തമായി തന്നെ കാര്യങ്ങള്‍ സംസാരിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ ആസൂത്രണത്തോടെയാണ് കൊല നടത്തിയതെന്നദ്ധേഹം തുറന്നു പറഞ്ഞു.
പീതാംബരന് ക്രിമിനലാണെന്ന് ആ വീട്ടിലെ സ്ത്രീകളെല്ലാവരും പറഞ്ഞു. കുട്ടികള്‍ വാദ്യമേളം പഠിക്കുന്ന സാംസ്കാരിക നിലയത്തിന് തീയിട്ടത്, ഒരു വീടു കത്തിച്ചത്, മഹേഷിന്റെ തലക്കടിച്ചത്, പ്രസാദിന്റെ കൈക്ക് വെട്ടിയത്… അവര്‍ എണ്ണിയെണ്ണി പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര് അനുവദിച്ച സ്കൂളും അയാള്‍ നശിപ്പിച്ചു. അധ്യാപകരെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചു. ഈ തോന്നിവാസങ്ങള്‍ സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ശരത് ചോദ്യം ചെയ്തത്. അത് അടി പിടിയില്‍ കലാശിച്ചു. തന്നെക്കൊണ്ടാവുമ്പോലെ ശരത്തും തല്ലിയിട്ടുണ്ട്. ഈ കേസിലാണ് ശരത് പ്രതി ചേര്‍ക്കപ്പെട്ടത്. ഇതാണിപ്പോള്‍ ചിലരൊക്കെ കൊലപാതകത്തിന് ന്യായീകരണം ചമയ്ക്കാനായി ഉപയോഗിക്കുന്നത്.
അഭിമന്യു സംഭവവുമായി ഇതിനെ താരതമ്യപ്പെടുത്തരുതത്രേ! നിങ്ങള്‍ക്ക് അഭിമന്യുമാര്‍ മാത്രമാണ് രക്ത സാക്ഷികള്‍. നിങ്ങള്‍ക്ക് സ്വന്തം കയ്യില്‍ സൂക്ഷിച്ച രക്ത സാക്ഷികളുടെ ലിസ്റ്റ് മാത്രമാണ് പ്രധാനം. ഇടതു ലിബറലുകളും ആദ്യം കൊലപാതകത്തെ തള്ളിപ്പറഞ്ഞ പിണറായി ഭക്തുക്കളുമൊക്കെ തനി നിറം കാട്ടാന്‍ തുടങ്ങിയിട്ടുണ്ട്. ഇതൊന്നും നിങ്ങള്‍ക്ക് മനസ്സിലാവില്ല സുഹൃത്തേ… ഭക്തുക്കളുടെ കയ്യടിക്കിടയില്‍ ജീവിക്കുന്ന നിങ്ങള്‍ക്കിത് ഒട്ടും മനസ്സിലാവില്ല. മനസ്സിലാവണമെങ്കില്‍ കമ്മ്യൂണിസ്റ്റ് കാപാലികര്‍ക്ക് വേരോട്ടമുള്ളിടത്ത് അവര്‍ക്കെതിരെ സംസാരിച്ചു നോക്കണം. അവര്‍ക്കെതിരെ പ്രവര്‍ത്തിച്ചു നോക്കണം. അപ്പോഴേ കൃപേഷുമാരെ നിങ്ങള്‍ക്ക് മനസ്സിലാക്കാനാവൂ. അപ്പോഴേ ശരത് ലാലുമാരെ നിങ്ങള്‍ക്കുള്‍ക്കൊള്ളാനാവൂ.
ഒരു കാര്യം കൂടി അറിഞ്ഞു കൊള്ളുക. കത്വയിലെ എട്ടു വയസ്സുള്ള കുഞ്ഞിനെ ബലാല് സംഘം ചെയ്ത് കൊന്നത് നരേന്ദ്ര മോദിയായിരുന്നില്ല. ജുനൈദിനെ കൊന്നത് അമിത് ഷാ ആയിരുന്നില്ല. പെഹ്ലു ഖാനെ കൊന്നത് യോഗി ആദിത്യ നാഥുമല്ല. എന്നിട്ടും നമ്മളവരെ കുറ്റപ്പെടുത്തിയത് ആ മനോഭാവം വളര്‍ത്തുന്നതില്‍ അവര്‍ വഹിച്ച പങ്കിനാലാണ്. കേരളത്തിലെ സി.പി.എം നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന് പീതാംബരന്മാര് മാത്രമല്ല ഉത്തരവാദി. പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കുന്ന കൊടിയേരിമാര്‍ മാത്രമല്ല ഉത്തരവാദി. പ്രതികളുടെ വിവാഹം വരെ നടത്തിക്കൊടുക്കുന്ന ഷംസീറുമാരുമല്ല. ഈ കൊലപാതകത്തെ ന്യായീകരിക്കുന്ന/ ലഘുകരിക്കുന്ന നിങ്ങളും കൂടിയാണ്. ഈ രണ്ട് ചെറുപ്പക്കാരുടെ ശരീരത്തില്‍ നിന്നും തെറിച്ച രക്തത്തുള്ളികള്‍ നിങ്ങളുടെ ദേഹത്ത് കൂടി പുരണ്ടിട്ടുണ്ട്. ആ കറ അത്ര എളുപ്പം മാഞ്ഞ് പോവില്ല.