പൈനാപ്പിൾ മേഖല കടുത്ത പ്രതിസന്ധിയിൽ

Jaihind Webdesk
Thursday, February 14, 2019

Pineapple-farming

സംസ്ഥാനത്ത് ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്ന പഴവർഗമായ പൈനാപ്പിൾ മേഖല ഉത്പാദനച്ചെലവു പോലും ലഭിക്കാതെ കടുത്ത പ്രതിസന്ധിയിൽ. ഭക്ഷ്യോത്പന്നമായി മാത്രം പരിഗണിക്കാതെ ഉപോത്പന്ന നിർമാണത്തിനും പ്രാധാന്യം നല്കണമെന്ന ആവശ്യം ഇതോടെ ശക്തമാവുകയാണ്.

അഞ്ചു വർഷം മുമ്പു പ്രഖ്യാപിച്ചിരുന്ന അടിസ്ഥാന വിലയായ 17 രൂപ ഉത്പാദനച്ചെലവിന, ആനുപാതികമായി 23 രൂപയെങ്കിലും ആയി ഉയർത്തണമെന്ന ആവശ്യം ഏറെനാളായി പൈനാപ്പിൾ കർഷകർ ഉയർത്തുന്നു. പാട്ടത്തുക, കൂലിച്ചെലവുകൾ, വളംവില, വാഹനവാടക തുടങ്ങിയ ഇനങ്ങളിൽ സമീപനാളുകളിൽ വൻവർധനയാണുണ്ടായത്. ഉയർന്ന വില ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന പ്രത്യേക കാലം കണക്കാക്കി കർഷകർ ഉത്പാദനം ക്രമീകരിക്കുന്നതു പൊടുന്നനെയുണ്ടാകുന്ന കനത്ത വിലയിടിവിനു കാരണമാകുന്നുണ്ട്. ഉത്പാദിപ്പിക്കപ്പെടുന്ന പൈനാപ്പിൾ പഴമായോ മറ്റ് ഉപോത്പന്നങ്ങളായോ പൂർണമായും ചെലവഴിക്കപ്പെടാൻ സർക്കാർതല സംവിധാനം സജ്ജമാകും വരെ പൈനാപ്പിൾ ഉത്പാദനം ക്രമവത്കരിക്കുന്നതു മേഖലയ്ക്കു ഗുണകരമാകുമെന്നു പ്രതീക്ഷിക്കുന്നു.

പഴുപ്പു കൂടിയതും നിസാരമായ ചതവുകളുളളതും വലിപ്പമില്ലാത്തതുമായ പഴങ്ങൾ കർഷകരോ വ്യാപാരികളോ ഉപേക്ഷിക്കാറാണ് പതിവ്. ഉത്പാദിപ്പിക്കപ്പെടുന്ന പൈനാപ്പിൾ മുഴുവനായി ഉപയോഗിക്കാൻ സംവിധാനങ്ങൾ ആവശ്യമാണെന്നും പൈനാപ്പിൾ വൈൻ പോലെയുളള ഉപോത്പന്നങ്ങൾ നിർമിക്കുന്നത് കാർഷിക മേഖലയ്ക്കു പ്രയോജനമാകുമെന്നും ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.