പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെ കേസ്

Jaihind News Bureau
Friday, June 15, 2018

പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ബറ്റാലിയൻ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകൾ സ്‌നിക്തക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.  അതേസമയം പരാതി നൽകിയ പോലീസുകാരനെതിരെയും കേസെടുത്തു.

ആലുവയിലെ ഉസ്മാനെതിരെ കേസെടുത്ത പോലീസ് ക്രൂരതക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് വീണ്ടും വാദിയെ പ്രതിയാക്കുന്ന പോലീസ് നടപടി.

സുദേഷ് കുമാറിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ തിരുവനന്തപുരം ആര്യനാട് സ്വദേശി ഗവാസ്‌കറിനാണ് മർദനമേറ്റത്. ഇയാൾ ഇപ്പോൾ പേരൂർക്കട ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

കനകക്കുന്നിൽ പ്രഭാത നടത്തം  കഴിഞ്ഞെത്തിയ സ്നിക്ത പാർക്കിലെ പൊതുപാർക്കിംഗ് സ്ഥലത്തു വെച്ച് മർദിച്ചെന്നും തലയ്ക്ക് പിന്നിലിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നുമാണ് ഗവാസ്‌കർ മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

https://www.youtube.com/watch?v=YbzIc4khWRM

അതേസമയം കൈയിൽ കയറിപിടിച്ചെന്നും ചീത്തവിളിച്ചെന്നും അമിതവേഗത്തിൽ വണ്ടിയിടിപ്പിക്കാൻ ശ്രമിച്ചെന്നും ഗവാസ്‌കറിനെതിരെ സ്‌നിക്തയും പരാതി നൽകി. ഇതേ തുടർന്ന് വനിതാ സി.ഐയെ എ.ഡി.ജി.പി വീട്ടിലേക്ക് വിളിച്ചുവരുത്തി മകളുടെ മൊഴിയെടുത്തു. ഇടിയേറ്റ പൊലീസുകാരനെതിരെ സ്ത്രീകളെ അപമാനിച്ചതിന് 354-ാം വകുപ്പ് ചുമത്തി കേസെടുക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഭീഷണി. സ്‌നിക്ത സ്വകാര്യാശുപത്രിയിൽ ചികിത്സതേടി.

എ.ഡി.ജി.പിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറാണ് ഗവാസ്‌കർ. തലസ്ഥാനത്ത് സിവിൽ സർവീസ് പരിശീലനം നടത്തുകയാണ് സ്‌നിക്ത. കുറവൻകോണത്താണ് എ.ഡി.ജി.പിയുടെ വസതി.
കഴിഞ്ഞദിവസം സ്‌നിക്തയുടെ കായികക്ഷമതാ പരിശീലനത്തിനെത്തിയ പൊലീസുകാരിയുമായി സംസാരിച്ചെന്ന് പറഞ്ഞാണ് സ്‌നിക്ത തന്നോട് വഴക്കുണ്ടാക്കിയതെന്ന് ഗവാസ്‌കർ പറയുന്നു. പാർക്കിംഗ് സ്ഥലത്ത് കാർ നിര്‍ത്തിയപ്പോൾ സ്‌നിക്ത നടക്കാൻ പോയി. തിരിച്ചെത്തിയപ്പോഴും അസഭ്യവർഷമായിരുന്നു.

മൊബൈൽ ഫോൺ കൈയിൽ മുറുക്കിപിടിച്ച് കഴുത്തിലും ചുമലിലും മുതുകിലും ഇടിക്കുകയായിരുന്നുവെന്നാണ് ഗവാസ്‌കർ പറയുന്നത്. കഴുത്തിന് ശക്തമായി ക്ഷതമേറ്റിട്ടുണ്ടെന്ന പേരൂർക്കട ആശുപത്രിയിലെ ഡോക്ടർമാരുടെ റിപ്പോർട്ടിനെത്തുടർന്ന് ഇന്നലെ വൈകിട്ടോടെ ഗവാസ്‌കറിനെ മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗത്തിലേക്ക് മാറ്റി.

തുടർച്ചയായുള്ള ചീത്തവിളിയെ എതിർത്തതാണ് മർദനത്തിന് കാരണമെന്നാണ് ഗവാസ്‌കറിന്റെ പരാതിയിലുള്ളത്. ഇന്നലെ ഉച്ചയോടെ മ്യൂസിയം പൊലീസ് ഗവാസ്‌കറിന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും രാത്രി വൈകിയാണ് കേസെടുത്തത്. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ഗവാസ്‌കറിന്റെ പരാതി പിൻവലിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്.

സ്‌നിക്തയുടെയും ഗവാസ്‌കറിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കാര്യങ്ങൾ പരിശോധിച്ച് നീതിപൂർവമായ തീരുമാനമെടുക്കുമെന്നും സിറ്റി പൊലീസ് അറിയിച്ചു.