കണ്ണൂര്‍: പൊതുതെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കെതിരേ കൊലക്കുറ്റം ചുമത്തിയത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായി. സമാനസ്വഭാവമുള്ള നാല് രാഷ്ട്രീയ കൊലപാതകങ്ങളാണ് പാര്‍ട്ടിയെ വേട്ടയാടുന്നത്. എം.എസ്.എഫ് പ്രവര്ത്തകന് അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസിലാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ കൊലക്കുറ്റം ചുമത്തിയത്. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗമായ ടി.വി രാജേഷിനെതിരേയും സി.ബി.ഐ കുറ്റം ചുമത്തിയിട്ടുണ്ട്. ഷുക്കൂര്‍ വധക്കേസിലെന്നപോലെ ആര്.എസ്.എസ്. നേതാവ് കതിരൂര്‍ മനോജ് വധക്കേസിലും സി.ബി.ഐ. അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ 25-ാം പ്രതിയായ ജയരാജന് ജാമ്യത്തിലാണ്. എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് രക്തസാക്ഷിയായതിന്റെ ഒന്നാംവാര്‍ഷികം കോണ്‍ഗ്രസ് ആചരിക്കുന്ന വേളയിലാണ് ഷുക്കൂര്‍ വധക്കേസിലും സി.പി.എം. കുരുക്കിലായത്.
പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കുനേരെ ചുമത്തിയ കൊലപാതകക്കേസ് പാര്‍ട്ടിക്ക് കനത്ത ക്ഷീണമാണ് വരുത്തിവയ്ക്കുക. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊലക്കുറ്റം പ്രതിപക്ഷം പ്രധാന രാഷ്ട്രീയ ആയുധമാക്കുമെന്നും ഉറപ്പാണ്. പാര്‍ട്ടി അണികള്‍ക്കു സ്വീകാര്യനായ പി. ജയരാജനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലോ വടകരയിലോ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എമ്മിനു പദ്ധതിയുണ്ടായിരുന്നു. ഇക്കാര്യത്തിലും ഇനി സി.പി.എമ്മിനു മാറിച്ചിന്തിക്കേണ്ടി വരും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മട്ടന്നൂരിലെ ശുഹൈബ് വധത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദം കെട്ടടങ്ങും മുന്‍പാണു പി. ജയരാജനുനേരേ ഷുക്കൂര്‍ കേസില്‍ കൊലക്കുറ്റം ചുമത്തി സി.ബി.ഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സംസ്ഥാനത്തുതന്നെ ശക്തമായ അടിത്തറയുള്ള ജില്ലയിലെ പാര്‍ട്ടി സെക്രട്ടറിക്കുനേരേ സി.ബി.ഐ കൊലക്കുറ്റം ചുമത്തിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി അണികള്‍ക്കും സി.പി.എം വിശദീകരണം നല്‍കേണ്ടി വരും.
ശുഹൈബ് വധക്കേസിനു പുറമെ ഷുക്കൂര്‍ കേസിലും പാര്‍ട്ടി പ്രതിസ്ഥാനത്തായതോടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നേക്കുമെന്നും സി.പി.എം കണക്കുകൂട്ടുന്നുണ്ട്. ഇതു മറികടക്കാനുള്ള പോരാട്ടങ്ങളാകും ഇനി പാര്‍ട്ടി നടത്തുക.
കേസ് തലശ്ശേരി കോടതിയില്‍ പരിഗണനയ്ക്കുവരുമ്പോള്‍ നിലവില്‍ ജയരാജന്റെയും രാജേഷിന്റെയും ജാമ്യം റദ്ദാക്കുമോയെന്നും അറസ്റ്റുണ്ടാവുമോയെന്നും സി.പി.എം ആശങ്കപ്പെടുന്നു.
കതിരൂര്‍ മനോജ് വധം
ആര്.എസ്.എസ്. നേതാവായ കതിരൂര്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 സെപ്റ്റംബര്‍ ഒന്നിനാണ് സംഭവം. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മനോജിനെ വാഹനത്തില്‍നിന്ന് വലിച്ചിറക്കി വടിവാളുകൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി. ജയരാജനാണ് കേസില്‍ 25-ാം പ്രതി. കൊലപാതകം, വധശ്രമം, ഗൂഢാലോചന നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ.) എന്നിവയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. ആദ്യം ൈക്രംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐ. ഏറ്റെടുത്തു. പി. ജയരാജനെ 15 വര്ഷംമുന്പ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പ്രതികാരമായാണ് മനോജിനെ വധിച്ചതെന്നാണ് സി.ബി.ഐ. നല്കിയ കുറ്റപത്രത്തിലെ പ്രധാന ആരോപണം. 2016 ഫെബ്രുവരിയില്‍ ജയരാജന് കീഴടങ്ങി. മാര്‍ച്ച് 23-ന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ജയില്‍മോചിതനായി.
ഷുഹൈബ് വധം
2018 ഫെബ്രുവരി 12-നാണ് കണ്ണൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് വെട്ടേറ്റ് മരിക്കുന്നത്. അരയ്ക്കുതാഴെ 37 വെട്ടേറ്റ് ചോരവാര്‍ന്നായിരുന്നു മരണം. കേസില്‍ സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കം 17 പ്രതികളെ ഇതിനോടകം പിടികൂടി. ഷുഹൈബിന്റെ പിതാവ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്കുവിട്ടു.
ഫസല്‍ വധം
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളില്‍ സി.ബി.ഐ. ആദ്യം അന്വേഷിക്കുന്ന കേസാണ് ഫസല്‍ വധം. 2006 ഒക്ടോബര്‍ 22-നാണ് തലശ്ശേരിയില്‍വെച്ച് പത്രവിതരണക്കാരനായ ഫസല്‍ കൊല്ലപ്പെടുന്നത്. സി.പി.എം. പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍.ഡി.എഫില്‍ ചേര്‍ന്നതിന്റെ പ്രതികാരമായി കൊലനടത്തുകയായിരുന്നെന്നാണ് ആരോപണം. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്, തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരന് എന്നിവരുള്‍പ്പൈട എട്ടുേപരെ പ്രതിയാക്കി സി.ബി.ഐ. നല്കിയ കുറ്റപത്രം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, സി.ബി.ഐ. കെട്ടിച്ചമച്ച കേസാണിതെന്നാണ് സി.പി.എം. പറയുന്നത്. യഥാര്‍ഥ പ്രതികള്‍ ആര്.എസ്.എസാണെന്ന് കേസില്‍ ഉള്‍പ്പെട്ട വ്യക്തിതന്നെ മൊഴിനല്‍കിയതായും കേരള പോലീസ് സി.ബി.ഐ.യുടെ ശ്രദ്ധയില്‍പ്പെടുത്തിയ കാര്യവും സി.പി.എം. ചൂണ്ടിക്കാട്ടി.