സംസ്ഥാനത്ത് അപ്രഖ്യാപിത ട്രഷറി നിയന്ത്രണം; പ്രളയ ഫണ്ട് പോലും മാറുന്നില്ലെന്ന് പരാതി

Jaihind News Bureau
Tuesday, February 5, 2019

Trivandrum-Treasury

സംസ്ഥാനത്ത് അപ്രഖ്യാപിത ട്രഷറി നിയന്ത്രണം മൂലം പ്രളയത്തിന് അനുവദിച്ച പണം പോലും മാറാൻ കഴിയുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. പ്രളയ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അധിക വിഭവ സമാഹരണത്തിന്‍റെ ഭാഗമായി ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച് ദിവസങ്ങള്‍ക്കകമാണ് അപ്രഖ്യാപിത ട്രഷറി നിയന്ത്രണം ഉണ്ടെന്ന തരത്തില്‍ പരാതികള്‍ ഉയരുന്നത്. എന്നാല്‍ ശമ്പള ദിവസങ്ങളിലെ സാധാരണ നിയന്ത്രണം മാത്രമാണ് ഇതെന്നാണ് ധനവകുപ്പില്‍ നിന്നുള്ള വിശദീകരണം.

കഴിഞ്ഞ രണ്ട് മാസമായി നിയന്ത്രണം തുടരുന്നതായാണ് ആരോപണം ഉയരുന്നത്. ജനുവരിയില്‍ 20 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതെന്നും ഈ മാസം കണ്ടിജൻസി ബില്ലുകൾ ഉള്‍പ്പെടെയുള്ളവ പൂർണ്ണമായും തടയാന്‍ ധനവകുപ്പ് കര്‍ശന നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ തദ്ദേശഭരണ സ്ഥാപനങ്ങളും കർഷക സംഘങ്ങളും ഫണ്ട് അപര്യാപ്തതയില്‍ നട്ടം തിരിയുകയാണ്. ഇത്തരം സ്ഥാപനങ്ങളുടെ പല ബില്ലുകളും കഴിഞ്ഞ മാസം 25 മുതൽ മാറുന്നില്ലെന്നാണ് പരാതി. നിയന്ത്രണം മൂലം ഏറെ ബുദ്ധിമുട്ടിലാകുന്നത് കർഷകരും സാധാരണക്കാരുമാണ്.

സംസ്ഥാനത്ത് ഉടലെടുത്തിട്ടുള്ള ഗുരുതര സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇത്തരമൊരു നിർദ്ദേശം ധനവകുപ്പ് നല്‍കിയതെന്നാണ് സൂചന. നിരോധനമില്ലെന്ന് ധനവകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും എല്ലാ മാസവും ആദ്യ വാരങ്ങളില്‍ ചില നിയന്ത്രണങ്ങൾ കൊണ്ടുവരാറുണ്ടെന്ന് സമ്മതിക്കുന്നുണ്ട്.

പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ടെങ്കിലും സര്‍ക്കാര്‍ ധൂര്‍ത്തിന് അല്‍പ്പം പോലും കുറവില്ലെന്നതും വിമര്‍ശനത്തിന് വഴിവയ്ക്കുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി വീണ്ടും ആഡംബര വാഹനം വാങ്ങാന്‍ സര്‍ക്കാര്‍ നിയമസഭയുടെ അനുമതി തേടിയിരുന്നു. പ്രളയത്തിന് ശേഷം ദൈനംദിന ചെലവിന് ബുദ്ധിമുട്ടുന്ന പാവപ്പെട്ടവരെ മറന്നാണ് ഇടത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണമാണ് സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.