യുഎസ്-ഇറാന്‍ മാരത്തണ്‍ ചര്‍ച്ച പരാജയം; ആണവ നിബന്ധനകളില്‍ വിട്ടുവീഴ്ചയില്ലാതെ ഇരുരാജ്യങ്ങളും

Jaihind News Bureau
Sunday, April 12, 2026

അമേരിക്കയും ഇറാനും തമ്മില്‍ പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു. 21 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും ആണവ വിഷയമുള്‍പ്പെടെയുള്ള പ്രധാന കാര്യങ്ങളില്‍ ധാരണയിലെത്താന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിച്ചില്ല.

ഇറാന്‍ തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായില്ലെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യക്തമാക്കി. ‘ഇറാന്‍ ആണവായുധം നിര്‍മ്മിക്കരുത് എന്നതാണ് അമേരിക്കയുടെ റെഡ് ലൈന്‍. ഇത് അമേരിക്ക നല്‍കുന്ന അവസാനത്തെ ഏറ്റവും മികച്ച ഓഫറാണ്. ഇത് ഇറാന്‍ സ്വീകരിക്കുമോ എന്ന് അറിയാന്‍ കാത്തിരിക്കുകയാണ്,’ – വാന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു കരാറിലെത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് ഫലം കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചയ്ക്ക് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫുമാണ് നേതൃത്വം നല്‍കിയത്. സ്റ്റീവ് വിറ്റ്കോഫ്, ജാരഡ് കുഷ്‌നര്‍ (യുഎസ്), ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരും വിവിധ മേഖലകളിലെ വിദഗ്ധരും ചര്‍ച്ചയില്‍ പങ്കെടുത്തു. ആണവ പദ്ധതികള്‍, സാമ്പത്തിക-സൈനിക ഉപരോധങ്ങള്‍, ലെബനനിലെ ഇസ്രയേല്‍ ആക്രമണം, ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം എന്നിവയായിരുന്നു പ്രധാന അജണ്ടകള്‍.

യുറേനിയം ശേഖരം രാജ്യത്തുനിന്ന് നീക്കം ചെയ്യണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശത്തെ ഇറാന്‍ ശക്തമായി എതിര്‍ത്തതാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ പ്രധാന കാരണം. ചര്‍ച്ച സൗഹൃദപരമായിരുന്നുവെങ്കിലും ശുഭകരമായ ഫലമില്ലെന്ന് ഇറാന്‍ ഏജന്‍സികളും വ്യക്തമാക്കി. അതേസമയം, ചര്‍ച്ചയുടെ ഫലം എന്തുതന്നെയായാലും അമേരിക്ക വിജയിക്കുമെന്ന നിലപാടിലാണ് പ്രസിഡന്റ് ട്രംപ്.

ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, ഇറാനും അവരുടെ പ്രോക്‌സി ഗ്രൂപ്പുകള്‍ക്കും എതിരായ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. 40 ദിവസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ഇതോടെ ഉടന്‍ പരിഹാരമാകില്ലെന്ന് ഉറപ്പായി. അതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ സിവിലിയന്‍ കപ്പലുകള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയെങ്കിലും സൈനിക കപ്പലുകളെ പ്രവേശിപ്പിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്.