
പാലക്കാട്: സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ 40.1°C ഇന്നലെ പാലക്കാട് ജില്ലയില്‍ രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ചൂട് വര്‍ദ്ധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെയും മറ്റന്നാളും പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.
മറ്റു ജില്ലകളിലും സമാനമായ രീതിയില്‍ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം ജില്ലയില്‍ താപനില 39°C വരെ ഉയര്‍ന്നേക്കാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ചൂട് ഉയരാന്‍ സാധ്യതയുണ്ട്.
സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ അധികം ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഉയര്‍ന്ന താപനിലയ്ക്കൊപ്പം വായുവിലെ ഈര്‍പ്പവും വര്‍ദ്ധിക്കുന്നത് കാരണം മലയോര മേഖലകളൊഴികെയുള്ള സ്ഥലങ്ങളില്‍ തിങ്കളാഴ്ച വരെ കടുത്ത അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്നും നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധരും നിര്‍ദ്ദേശിക്കുന്നു.