
മലപ്പുറം: ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമുകള്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നല്കിയ നിര്‍ദ്ദേശം വിവാദമാകുന്നു. ഉപയോഗിക്കാത്ത റിസര്‍വ് വോട്ടിംഗ് യന്ത്രങ്ങള്‍ സ്ട്രോങ്ങ് റൂം തുറന്ന് മാറ്റാനാണ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതിനെതിരെ യുഡിഎഫ് നേതൃത്വം ശക്തമായ പ്രതിഷേധം അറിയിച്ചതോടെ സ്ട്രോങ്ങ് റൂം തുറക്കരുതെന്ന് കലക്ടര്‍ വീണ്ടും നിര്‍ദ്ദേശം നല്കി.
മലപ്പുറം ജില്ലയില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്ന് യുഡിഎഫ് ചെയര്മാന് കെ.പി. അബ്ദുല്‍ മജീദ് ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനാണ് ഇത്തരം നിര്‍ദ്ദേശം നല്‍കിയത്. വോട്ടെണ്ണല്‍ ദിവസം രാവിലെ മാത്രമേ സ്ട്രോങ്ങ് റൂം തുറക്കാന്‍ പാടുള്ളൂ എന്നിരിക്കെ കലക്ടറുടെ നടപടി ചട്ടവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് കലക്ടര്‍ ഉത്തരവിട്ടതെന്നും കലക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ഭരണം നഷ്ടപ്പെടുമെന്ന വിഭ്രാന്തിയില്‍ കൃത്രിമം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി സംശയിക്കുന്നതായും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.