“ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം”; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മൻ

Jaihind News Bureau
Thursday, April 9, 2026

കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പുരോഗമിക്കവേ, കറുത്ത വസ്ത്രമണിഞ്ഞെത്തി വോട്ട് രേഖപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. തന്റെ പിതാവിനും കുടുംബത്തിനുമെതിരെ വർഷങ്ങളായി നടന്ന രാഷ്ട്രീയ വേട്ടയാടലിനോടുള്ള പ്രതീകാത്മക പ്രതിഷേധമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ പത്തരയോടെ മാതാവിനും സഹോദരിക്കുമൊപ്പമാണ് ചാണ്ടി ഉമ്മൻ ബൂത്തിലെത്തിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷം പുതുപ്പള്ളിയിൽ നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായതിനാൽ രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്ന പോരാട്ടമാണിത്.

ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി തകർക്കാൻ ഇടത് മുന്നണി ഭരണത്തിലും പ്രതിപക്ഷത്തിരുന്നപ്പോഴും ശ്രമിച്ചുവെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. സോളാർ കേസിൽ സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയിട്ടും അദ്ദേഹത്തെ വേട്ടയാടിയവർ ഇന്നും സംരക്ഷിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പിതാവിന്റെ മരണശേഷവും ഈ രാഷ്ട്രീയ നീക്കങ്ങൾ തുടരുകയാണെന്നും അതിനാലാണ് കറുത്ത വസ്ത്രം ധരിച്ച് താൻ പ്രതിഷേധം അറിയിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പും സ്ഥാനാർത്ഥി ചർച്ചയാക്കി. ഉമ്മൻ ചാണ്ടിയുടെ കാലത്ത് തുടക്കം കുറിച്ച സിവിൽ സ്റ്റേഷൻ, ആശുപത്രി, പാലങ്ങൾ തുടങ്ങിയ വികസന പദ്ധതികൾക്ക് ഫണ്ട് അനുവദിക്കാതെ സർക്കാർ അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രചാരണ വേളയിൽ ഫ്ലക്സുകളോ പോസ്റ്ററുകളോ ഉപയോഗിക്കാതെ സൈക്കിളിൽ സഞ്ചരിച്ച് വോട്ടർമാരെ കണ്ട ചാണ്ടി ഉമ്മന്റെ രീതിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ വിജയം കോൺഗ്രസിന് അഭിമാനപ്രശ്നമാണ്.