“വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി”; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്യമന്ത്രി വരുമെന്ന് ചാണ്ടി ഉമ്മൻ

Jaihind News Bureau
Thursday, April 9, 2026

കേരളവും പുതുപ്പള്ളിയും ഇന്ന് ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വിധി എഴുതുന്ന ദിനമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പിതാവ് ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി വേട്ടയാടിയവർക്കെതിരെയുള്ള ശക്തമായ വികാരം ബാലറ്റിലൂടെ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പിതാവിനെ ഒന്ന് രണ്ട് വർഷമല്ല, നീണ്ട ഒൻപത് വർഷക്കാലമാണ് ഇടതുപക്ഷം ക്രൂരമായി വേട്ടയാടിയതെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം ഇന്നും ജനങ്ങളുടെ മനസ്സിലുണ്ട്. വേട്ടയാടിയവർക്ക് പ്രബുദ്ധരായ കേരളീയർ ഇന്ന് വോട്ടിലൂടെ മറുപടി നൽകുമെന്നും, വരാനിരിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായുള്ള ഒരു യുഡിഎഫ് മുഖ്യമന്ത്രിയായിരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പുതുപ്പള്ളി മണ്ഡലത്തിന്റെ വികസനത്തെ എൽഡിഎഫ് സർക്കാർ ബോധപൂർവ്വം തടസ്സപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന് അർഹമായ ഫണ്ട് നൽകാതെ സർക്കാർ ദ്രോഹിച്ചതുകൊണ്ടാണ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെയും പാലങ്ങളുടെയും നിർമ്മാണം പാതിവഴിയിൽ നിലച്ചുപോയത്. പണി പൂർത്തിയാകാത്ത സിവിൽ സ്റ്റേഷന് പിതാവിന്റെ പേരിട്ടത് ആദരവല്ല, മറിച്ച് അദ്ദേഹത്തെ ആക്ഷേപിക്കാനാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ശബരിമല വിഷയവും ശബരിമലയിലെ സ്വർണ്ണക്കൊള്ളയുൾപ്പെടെയുള്ള അഴിമതികളും ജനങ്ങൾ വോട്ടു ചെയ്യുമ്പോൾ ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു.