യുഡിഎഫ് തരംഗം ആഞ്ഞടിക്കും; നൂറിലധികം സീറ്റുകളുമായി അധികാരം പിടിക്കുമെന്ന് സണ്ണി ജോസഫ്

Jaihind News Bureau
Thursday, April 9, 2026

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ആവര്‍ത്തിക്കുമെന്നും നൂറിലധികം സീറ്റുകള്‍ നേടി മുന്നണി അധികാരത്തില്‍ വരുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിലെ അനുകൂല തരംഗം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘ഇതുവരെ മൂന്ന് തവണ ജനങ്ങള്‍ എന്നെ വിജയിപ്പിച്ചു. നാലാം തവണയും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ട്. ചില സര്‍വ്വേകളില്‍ ഞാന്‍ തോല്‍ക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ സര്‍വ്വേകളല്ല, ജനങ്ങളുടെ വികാരമാണ് എനിക്കറിയാവുന്നത്.’ വയനാട് ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ശബരിമല വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വിഫലശ്രമങ്ങള്‍ ഇപ്പോള്‍ വിലപ്പോവില്ല. കാടടച്ച് വെടിവെക്കുന്നതുപോലെയാണ് രാഷ്ട്രീയ എതിരാളികള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എം.വി. നികേഷ് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കും. അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് തുല്യമാണ്. പണാധിപത്യം ഉപയോഗിച്ച് വോട്ടുപിടിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തള്ളിക്കളയുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.