
കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ക്കിടയിലും സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം മണല്‍ക്കൊള്ളയായിരുന്നുവെന്ന ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. 2019-ലെ പ്രളയകാലത്ത് തോട്ടപ്പള്ളിയില്‍ നിന്ന് മഴയ്ക്ക് മുന്‍പേ മണല്‍ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള ജലവിഭവ വകുപ്പിന്റെ ഉത്തരവ് പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
2018-ലെ പ്രളയാനുഭവം വെച്ച് മണ്ണ് നഷ്ടപ്പെടുന്നതിന് മുന്‍പ് എങ്ങനെയും മണല്‍ കടത്തണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശമെന്ന് കുഴല്‍നാടന്‍ ആരോപിച്ചു. പ്രളയ മുന്നൊരുക്കങ്ങളില്‍ പോലും മണല്‍ നീക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. ജനങ്ങളുടെ സുരക്ഷയേക്കാള്‍ എല്ലാ സമയവും മണല്‍ കടത്തുന്നതിലായിരുന്നു സര്‍ക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രളയസമയത്തും ഡാം വിഷയങ്ങളിലും നേരത്തെ സജീവമായി ഇടപെട്ടിരുന്ന സുരേഷ് ഗോപി ഇപ്പോള്‍ മിണ്ടുന്നില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ ഈ പെട്ടെന്നുള്ള മൗനം സി.പി.എം – ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. താന്‍ എല്ലാ കാര്യങ്ങള്‍ക്കും കോടതിയില്‍ പോകുന്നതിനെ പരിഹസിച്ച എം. സ്വരാജിനും കുഴല്‍നാടന്‍ ശക്തമായ മറുപടി നല്‍കി. ‘എല്ലാത്തിനും കോടതിയില്‍ പോകുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. താന്‍ കോടതിയില്‍ പോയാണ് ഉപജീവനം നടത്തുന്നത്. സ്വരാജ് നന്നായി നടക്കുന്നുണ്ടല്ലോ, അദ്ദേഹത്തിന്റെ ഉപജീവനമാര്‍ഗ്ഗം എന്താണെന്ന് താന്‍ ചോദിക്കുന്നില്ല. അന്തം കമ്മികളെപ്പോലെ സ്വരാജ് സംസാരിക്കരുത്. സ്വരാജ് കോടതിയില്‍ പോയിട്ട് എന്താണ് സംഭവിച്ചതെന്ന് താന്‍ പറയുന്നില്ല’ – കുഴല്‍നാടന്‍ പരിഹസിച്ചു.