മഴയത്തും ‘റോയല്‍’ പോരാട്ടം; മുംബൈയെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന് ഹാട്രിക് വിജയം

Jaihind News Bureau
Wednesday, April 8, 2026

ഗുവാഹത്തി: ഐപിഎല്ലില്‍ റിയാന്‍ പരാഗും സംഘവും തോല്‍വി അറിയാതെ മുന്നോട്ട്. ഗുവാഹത്തിയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 27 റണ്‍സിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി. മഴ വില്ലനായെത്തിയതോടെ 11 ഓവറായി ചുരുക്കിയ മത്സരത്തില്‍ യശസ്വി ജയ്സ്വാളിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാന് കരുത്തായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. വെറും 30 പന്തില്‍ 80 റണ്‍സാണ് ഈ സഖ്യം അടിച്ചുകൂട്ടിയത്. 14 പന്തില്‍ 5 സിക്‌സറുകള്‍ സഹിതം 39 റണ്‍സെടുത്ത വൈഭവ് പുറത്തായെങ്കിലും, മറുഭാഗത്ത് ജയ്സ്വാള്‍ തകര്‍ത്താടി. 32 പന്തില്‍ പുറത്താവാതെ 77 റണ്‍സ് (10 ഫോര്‍, 4 സിക്‌സ്) നേടിയ ജയ്സ്വാളിന്റെ മികവില്‍ 11 ഓവറില്‍ 150 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ രാജസ്ഥാന്‍ കെട്ടിപ്പടുത്തു. റിയാന്‍ പരാഗ് 20 റണ്‍സ് നേടി പിന്തുണ നല്‍കി. മുംബൈ നിരയില്‍ അല്ലാ ഗസന്‍ഫാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

151 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് രാജസ്ഥാന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പന്തുകള്‍ക്ക് മുന്നില്‍ മറുപടിയുണ്ടായിരുന്നില്ല. 11 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനേ മുംബൈക്ക് സാധിച്ചുള്ളൂ. രോഹിത് ശര്‍മ്മ (5), സൂര്യകുമാര്‍ യാദവ് (6), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (9) എന്നിവര്‍ നിരാശപ്പെടുത്തി. 25 റണ്‍സ് വീതം നേടിയ നമന്‍ ധിറും ഷെഫാനെ റുതര്‍ഫോര്‍ഡും മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. രാജസ്ഥാനായി നന്ദ്രെ ബര്‍ഗര്‍, രവി ബിഷ്ണോയ്, സന്ദീപ് ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ജസ്പ്രീത് ബുമ്രയെ സിക്‌സറടിച്ചുകൊണ്ട് തുടങ്ങിയ വൈഭവ് സൂര്യവംശിയുടെ ഇന്നിംഗ്സ് മത്സരത്തിലെ ശ്രദ്ധേയമായ കാഴ്ചയായിരുന്നു. ബുമ്ര മൂന്ന് ഓവറില്‍ 32 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ട്രന്റ് ബോള്‍ട്ടും ടീമിലേക്ക് തിരിച്ചെത്തിയിട്ടും മുംബൈക്ക് തോല്‍വി ഒഴിവാക്കാനായില്ല.