‘സ്വയം പഴിക്കേണ്ടി വരും ആ വാക്കുകൾക്ക്’; മുഖ്യമന്ത്രിയുടെ അധിക്ഷേപ പ്രസംഗത്തിനെതിരെ ഷാഫി പറമ്പിൽ

Jaihind News Bureau
Tuesday, April 7, 2026

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോനേ’ എന്ന പ്രയോഗം അങ്ങേയറ്റം നിലവാരമില്ലാത്തതാണെന്ന് ഷാഫി പറമ്പിൽ എം.പി കുറ്റപ്പെടുത്തി. അധികാരം നഷ്ടമായതോടെ പിണറായി വിജയന്റെ യഥാർത്ഥ സ്വഭാവം പുറത്തുവന്നിരിക്കുകയാണ്. ഒരു മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ചേരാത്ത വിധം തരംതാണ രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. ഈ അധിക്ഷേപ പരാമർശത്തിന്റെ പേരിൽ ഭാവിയിൽ അദ്ദേഹത്തിന് വീട്ടിലിരുന്ന് സ്വയം പഴിക്കേണ്ടി വരുമെന്നും ഷാഫി പരിഹസിച്ചു.

 സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രളയ അഴിമതി ആരോപണങ്ങളിലും ഷാഫി പറമ്പിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. അഴിമതി നടത്താൻ വേണ്ടി സർക്കാർ ജനങ്ങളെ കൊലപ്പെടുത്തുകയാണോ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. നേരത്തെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ വെറും രാഷ്ട്രീയ പ്രേരിതമല്ലെന്നും അവ പച്ചയായ സത്യമാണെന്നും ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. അഴിമതിയുടെ കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ യു.ഡി.എഫിന്റെ വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്ന (Crowd Puller) നേതാവാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിനയത്തോടെയായിരുന്നു ഷാഫിയുടെ മറുപടി. ഇത്തവണത്തെ യഥാർത്ഥ ക്രൗഡ് പുള്ളർ ജനങ്ങൾ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. താൻ ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരാൾ മാത്രമാണെന്നും, ജനങ്ങളുടെ ആവേശത്തിന് പിന്നാലെയാണ് താൻ ഓടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ സർക്കാരിന് ബാലറ്റിലൂടെ മറുപടി നൽകുമെന്നും ഷാഫി ആത്മവിശ്വാസം പ്രകടിപ്പിച്ചു.