‘അവിശുദ്ധ കൂട്ടുകെട്ടും അഴിമതി കേസുകളും’: പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കി കെ.സി. വേണുഗോപാലിന്റെ തുറന്ന കത്ത്

Jaihind News Bureau
Tuesday, April 7, 2026


കേരളം മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ച് ഗൗരവകരമായ പത്തു ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തുറന്ന കത്തെഴുതി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കേന്ദ്ര ഭരണകൂടവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെയും ‘ഡീല്‍’ രാഷ്ട്രീയത്തെയുമാണ് ഈ കത്തിലൂടെ അദ്ദേഹം പ്രധാനമായും വിരല്‍ ചൂണ്ടുന്നത്.

ഡല്‍ഹിയില്‍ ഉദ്യോഗസ്ഥരെ പൂര്‍ണ്ണമായും ഒഴിവാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ധനമന്ത്രി നിര്‍മ്മല സീതാരാമനുമായും മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചകളുടെ അജണ്ട എന്തായിരുന്നുവെന്ന് കത്തില്‍ ചോദിക്കുന്നു. ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത് ഇത്തരം രഹസ്യ ചര്‍ച്ചകള്‍ നടത്തിയത് എന്ത് ‘ഡീല്‍’ ഉറപ്പിക്കാനായിരുന്നുവെന്നും, നിതിന്‍ ഗഡ്കരിയുമായി ഡല്‍ഹിക്ക് പുറത്ത് നടത്തിയ കൂടിക്കാഴ്ചകളുടെ ലക്ഷ്യം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

സ്വന്തം മുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ‘പി.എം ശ്രീ’ പദ്ധതിയും കേന്ദ്രത്തിന്റെ ലേബര്‍ കോഡും നടപ്പിലാക്കാന്‍ പിണറായി കാട്ടിയ വാശി ആരെ സംരക്ഷിക്കാനാണെന്ന് കെ.സി. വേണുഗോപാല്‍ ചോദിക്കുന്നു. തൊഴിലാളി നേതാവെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി, ട്രേഡ് യൂണിയന്‍ രജിസ്‌ട്രേഷന്‍ ഫീസ് പത്തിരട്ടിയായി വര്‍ദ്ധിപ്പിച്ചത് കേന്ദ്രത്തെ തൃപ്തിപ്പെടുത്താനാണോ എന്നും അദ്ദേഹം പരിഹസിക്കുന്നു.

നിയമചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം ലാവലിന്‍ കേസ് നാല്‍പ്പതിലേറെ തവണ മാറ്റിവെക്കുന്നത് കേന്ദ്രം നല്‍കുന്ന പാരിതോഷികമാണോ? തന്റെ കുടുംബത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും കേസുകളില്‍ നിന്ന് രക്ഷപ്പെടാനുമാണോ മുഖ്യമന്ത്രി പ്രധാനമന്ത്രി മോദിയോട് ഇത്രയേറെ വിനീതനാകുന്നത് എന്നും കത്തില്‍ ചോദിക്കുന്നു. ‘മോദി’ എന്ന പേര് ഉച്ചരിക്കാന്‍ പോലും മുഖ്യമന്ത്രി ഭയപ്പെടുന്നത് ഇത്തരം ഡീലുകള്‍ കാരണമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

കരിമണല്‍ മാസപ്പടി, കൊടകര കുഴല്‍പ്പണക്കേസ്, സ്വര്‍ണ്ണക്കടത്ത് തുടങ്ങി നിരവധി വിവാദ കേസുകളില്‍ കേന്ദ്ര അന്വേഷണം പാതിവഴിയില്‍ നിലച്ചുപോയത് എങ്ങനെയെന്നും, ആര്‍.എസ്.എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച തൃശൂര്‍ പൂരത്തെ അട്ടിമറിക്കാന്‍ വേണ്ടിയായിരുന്നോ എന്നും കത്തില്‍ ചോദ്യമുയരുന്നു. ബി.ജെ.പിയുമായുള്ള ഇത്തരം രഹസ്യ ധാരണകളെക്കുറിച്ച് ജനങ്ങളോട് വെളിപ്പെടുത്താന്‍ ആര്‍ജ്ജവമുണ്ടോ എന്ന് വെല്ലുവിളിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.