‘മോദിയുടെ അതേ ധാർഷ്ട്യം പിണറായിക്കും’; കേരളത്തെ രക്ഷിക്കാൻ യുഡിഎഫ് വരണമെന്ന് രാഹുൽ ഗാന്ധി

Jaihind News Bureau
Monday, April 6, 2026

കേരളത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപിയും ഇടതുപക്ഷവും കൈകോർത്ത് ഐക്യജനാധിപത്യ മുന്നണിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. കൊടുങ്ങല്ലൂർ മണ്ഡലത്തിലെ മാളയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ നരേന്ദ്ര മോദിയും അമിത് ഷായും ജനങ്ങളോട് കാണിക്കുന്ന അതേ അഹങ്കാരവും ധാർഷ്ട്യവുമാണ് കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കാട്ടുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളുടെ ആവശ്യങ്ങൾ സഹാനുഭൂതിയോടെ കേൾക്കുന്ന ഭരണാധികാരിക്ക് പകരം ‘ഞാൻ’ എന്ന ഭാവത്തോടെ പെരുമാറുന്ന ഒരാളാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

ഇടതുമുന്നണിയുടെ പല നേതാക്കളും ഇന്ന് യുഡിഎഫിന്റെ നയങ്ങളെ പിന്തുണയ്ക്കുന്ന അവസ്ഥയാണെന്നും നിലവിലെ ഭരണം ഇടതുപക്ഷ നയങ്ങളിൽ നിന്ന് പൂർണ്ണമായും വ്യതിചലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയെ വിറപ്പിക്കാൻ കെൽപ്പുള്ള ഏക ശക്തി യുഡിഎഫ് മാത്രമാണ്. കേരളത്തിലെ പ്രമുഖ ക്ഷേത്രത്തിൽ നിന്നും അയ്യപ്പന്റെ സ്വർണ്ണം മോഷ്ടിക്കപ്പെട്ട സംഭവത്തിൽ ഹൈന്ദവ വിശ്വാസത്തെക്കുറിച്ച് എപ്പോഴും പ്രസംഗിക്കുന്ന പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഇടതുമുന്നണിയുടെ ജനദ്രോഹ നടപടികൾക്ക് മോദി സംരക്ഷണം നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പിലാക്കാൻ പോകുന്ന ജനക്ഷേമ പദ്ധതികളെക്കുറിച്ചും അദ്ദേഹം വാഗ്ദാനം നൽകി. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഭരണമായിരിക്കും യുഡിഎഫിന്റേത്. കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കും. കൂടാതെ, ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുമെന്നും ആരോഗ്യ-സാമ്പത്തിക മേഖലകളിൽ സമ്പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.