
അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രന്റെ ചാരത്തേക്ക്. നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ്-2 ദൗത്യത്തിന്റെ ഭാഗമായ ഒറിയോൺ പേടകം വിജയകരമായി ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിച്ചു. ഇന്ത്യൻ സമയം രാവിലെ 10.11നാണ് ദൗത്യത്തിലെ നിർണ്ണായകമായ ഈ ഘട്ടം പിന്നിട്ടത്. നാസ മുൻകൂട്ടി നിശ്ചയിച്ചിരുന്ന സമയക്രമം ഒട്ടും തെറ്റിക്കാതെയാണ് പേടകം ഈ നേട്ടം കൈവരിച്ചത്.
1972-ൽ നടന്ന അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യൻ ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിക്കുന്നത്. 54 വർഷങ്ങൾക്ക് മുൻപ് നടന്ന ആ ചരിത്രയാത്രയ്ക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തുന്ന ഏറ്റവും വലിയ ചുവടുവെപ്പാണ് ആർട്ടെമിസ്-2.
ഇവർക്കൊപ്പം ‘റൈസ്’ എന്ന് പേരിട്ട ഒരു കൊച്ചു പാവയും പേടകത്തിലുണ്ട്. ഈ പാവയ്ക്കൊപ്പം ലോകത്തെമ്പാടുമുള്ള 56 ലക്ഷം മനുഷ്യരുടെ പേരുകൾ അടങ്ങിയ മെമ്മറി കാർഡും നാസ ദൗത്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ രണ്ടിന് ഇന്ത്യൻ സമയം പുലർച്ചെ 4.04-നാണ് കെന്നഡി സ്പേസ് സെന്ററിൽ നിന്നും നാസയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റത്തിൽ (SLS) ഒറിയോൺ കുതിച്ചുയർന്നത്. വിക്ഷേപണം കഴിഞ്ഞ് എട്ട് മിനിറ്റിനുള്ളിൽ തന്നെ പേടകം റോക്കറ്റിൽ നിന്ന് വേർപെട്ടു. ചന്ദ്രനെ വലംവച്ചുകൊണ്ടുള്ള വിവിധ പരീക്ഷണങ്ങൾക്ക് ശേഷം യാത്രയുടെ പത്താം ദിവസം പേടകം ഭൂമിയിലേക്ക് തിരിക്കും. സാൻഫ്രാൻസിസ്കോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തിലാണ് പേടകം പതിക്കുക.
ആർട്ടെമിസ്-2 ദൗത്യം വിജയകരമായി പൂർത്തിയാകുന്നതോടെ 2027-ൽ നടക്കാനിരിക്കുന്ന നിർണ്ണായകമായ പരീക്ഷണത്തിലേക്ക് നാസ കടക്കും. ഭൂമിയുടെ ലോ ഏർത്ത് ഓർബിറ്റിൽ വച്ച് ഒറിയോൺ പേടകത്തെ ലൂണാർ ലാൻഡറുമായി ബന്ധിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. 2028-ലെ ആർട്ടെമിസ്-4 ദൗത്യത്തിലൂടെ ചന്ദ്രനിൽ സ്ഥിരം താവളം സ്ഥാപിക്കാനും നാസ പദ്ധതിയിടുന്നു.