തൃശ്ശൂരില്‍ ‘കിറ്റ് രാഷ്ട്രീയ’ത്തില്‍ ബിജെപി വെട്ടില്‍; വാടാനപ്പള്ളി സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്

Jaihind News Bureau
Monday, April 6, 2026

തൃശ്ശൂര്‍: വോട്ടെടുപ്പിന് മൂന്ന് നാള്‍ മാത്രം ബാക്കിനില്‍ക്കെ തൃശ്ശൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി ഭക്ഷ്യകിറ്റ് വിവാദം ശക്തമാകുന്നു. വാടാനപ്പള്ളിയിലെ കിറ്റ് വിതരണ കേന്ദ്രത്തിലുണ്ടായ സംഘര്‍ഷത്തില്‍ എഫ്.ഐ.ആര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ പോലീസ് ചാവക്കാട് മജിസ്ട്രേറ്റ് കോടതിയുടെ അനുമതി തേടി.

മണലൂര്‍ മണ്ഡലത്തില്‍ വിതരണം ചെയ്യാനായി വാടാനപ്പള്ളിയിലെ ‘ചാമ്പ്യന്‍സ് ട്രേഡേഴ്സ്’ എന്ന ഹോള്‍സെയില്‍ സ്ഥാപനത്തില്‍ കിറ്റുകള്‍ തയ്യാറാക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബിജെപി നേതാവും നടനുമായ ദേവന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബഗീഷ് പൂരാടന്‍ എന്നിവര്‍ കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തതായും ഇവര്‍ സ്ഥാപനത്തിന് മുകളിലെ വീട്ടില്‍ ഒളിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.്

സംഭവത്തില്‍ സ്ഥാപന ഉടമ പ്രവീണിനെയും കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത ബിജെപി പ്രവര്‍ത്തകന്‍ സതീഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷുവിന് സന്നദ്ധ സംഘടനകള്‍ക്ക് നല്‍കാന്‍ ഓര്‍ഡര്‍ ചെയ്തതാണ് കിറ്റുകളെന്നാണ് സതീഷിന്റെ മൊഴി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. തൃശ്ശൂര്‍ ഒളരിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കിറ്റുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ രാധാകൃഷ്ണനെതിരെ വെസ്റ്റ് പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മണലൂരിലും സമാനമായ ആരോപണം ഉയര്‍ന്നത്. ഇത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ നീക്കമാണെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ ആരോപിച്ചു.