
കരീപ്ര: തെരഞ്ഞെടുപ്പ് സ്വീകരണ പര്യടനത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അയിഷ പോറ്റിയെ അസഭ്യം വിളിക്കുകയും പ്രചാരണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുഴിമതിക്കാട് കോഴിക്കാലവിള വീട്ടില്‍ പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവര്‍ക്കെതിരെയാണ് എഴുകോണ്‍ പോലീസ് കേസെടുത്തത്. ഇതില്‍ പ്രതിയായ പ്രസാദ് കെ.എസ്.ഇ.ബി ജീവനക്കാരനാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് കരീപ്ര പഞ്ചായത്തിലെ ചൂരപ്പൊയ്കയില്‍ അയിഷ പോറ്റിയുടെ സ്വീകരണ പര്യടനം എത്തിയപ്പോഴായിരുന്നു സംഭവം. പ്രചാരണ വാഹനത്തിന് മുന്നില്‍ തടസ്സം സൃഷ്ടിച്ച പ്രസാദ്, സ്ഥാനാര്‍ത്ഥിക്കെതിരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ സ്വീകരണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ പ്രാദേശിക തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.