ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടോ? എഫ്സിആര്‍എയില്‍ പ്രധാനമന്ത്രിക്ക് കെ.സി.വേണുഗോപാലിന്റെ തുറന്ന കത്ത്

Jaihind News Bureau
Sunday, April 5, 2026

 

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ ) ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢലക്ഷ്യവും ന്യൂനപക്ഷ വിരുദ്ധ അജണ്ടയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തയച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

ക്രൈസ്തവ സഭാസ്ഥാപനങ്ങള്‍ അടക്കമുള്ള സന്നദ്ധ സംഘടനകളുടെ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളെ തടയാനുള്ള കേന്ദ്ര നീക്കങ്ങള്‍ സംബന്ധിച്ച് 5 ചോദ്യങ്ങളാണ് പ്രധാനമന്ത്രിക്കുള്ള കത്തില്‍ കെ.സി.വേണുഗോപാല്‍ ഉന്നയിച്ചിരിക്കുന്നത്.

പരിപാവനമായ ദുഃഖവെള്ളി – ഈസ്റ്റര്‍ വേളയില്‍ കേരളത്തില്‍ വന്ന് എഫ്സിആര്‍എ ബില്ലിനെക്കുറിച്ച് കള്ളം പറഞ്ഞ പ്രധാനമന്ത്രി, ആ ബില്ലിന്റെ പേരില്‍ മുറിവേറ്റ സമൂഹത്തെ അപമാനിച്ചിരിക്കുകയാണെന്നും കെ.സി.വേണുഗോപാല്‍ കത്തില്‍ കുറ്റപ്പെടുത്തി.

കത്തിന്റെ പൂര്‍ണരൂപം:

ബഹു: പ്രധാനമന്ത്രി,

എഫ്സിആര്‍എയുമായി ബന്ധപ്പെട്ട് യുഡിഎഫ് നുണ പ്രചരിപ്പിച്ച് രാഷ്ട്രീയലാഭത്തിനു ശ്രമിക്കുകയാണെന്ന് അങ്ങ് കേരളത്തിന്റെ മണ്ണില്‍ ചവിട്ടിനിന്നു പറഞ്ഞത് മുറിവേറ്റ ഒരു സമൂഹത്തെ അപമാനിക്കാന്‍ കൂടിയാണ്. പരിപാവനമായ ഒരു ദിവസം അത് പറയാന്‍ പാടില്ലായിരുന്നു. ഇതിലെ സത്യം എന്താണെന്ന് പൊതുസമൂഹത്തിനുകൂടി മനസ്സിലാകുന്നതിനായി അങ്ങയോട് ചില ചോദ്യങ്ങള്‍ ഉന്നയിക്കട്ടെ.

1) സത്യത്തില്‍ എഫ്സിആര്‍എ ബില്ലിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഏറ്റവും കൂടുതല്‍ നന്നായി അറിയാവുന്നത് അങ്ങേയ്ക്കല്ലേ? ബിസിനസ് അഡൈ്വസറി കമ്മിറ്റി (ബിഎസി) കൂടി സമയം നിശ്ചയിച്ചിട്ടാണല്ലോ സാധാരണഗതിയില്‍ ഒരു ബില്‍ സഭയുടെ പരിഗണനയ്ക്ക് വിടുന്നത് . എഫ്സിആര്‍എയുമായി ബന്ധപ്പെട്ട് ബിഎസി യില്‍ കൂടിയാലോചനകള്‍ നടന്നിട്ടുണ്ടോ ? കമ്മിറ്റി ബില്‍ അവതരിപ്പിക്കാന്‍ സമയം നിശ്ചിയിച്ചു തന്നിട്ടുണ്ടോ? ഇല്ലെങ്കില്‍, അങ്ങനെ സമയം നിശ്ചയിക്കാതെ പാര്‍ലമെന്റിലെ കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ ധൃതിപിടിച്ചു ഇത്തരമൊരു ബില് കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നിലെ അടിയന്തര സാഹചര്യം എന്തായിരുന്നു ?

2) ഇനി കേന്ദ്രസര്‍ക്കാര്‍ മറ്റു ഗൂഢലക്ഷ്യങ്ങള്‍ ഒന്നുമില്ലാതെ കൊണ്ടുവന്ന ബില്ലാണ് എന്ന നിലപാട് താങ്കള്‍ എടുത്താല്‍ തന്നെ, അപ്പോഴും അവശേഷിക്കുന്ന ചില സംശയങ്ങളുണ്ട്. ബില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍നിന്ന് മനീഷ് തിവാരി ബില്ലിനെതിരേ അന്നു തന്നെ ശക്തമായി രംഗത്തുവന്നു. നാലു പ്രധാനപ്പെട്ട വിഷയങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കേന്ദ്രസര്‍ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ (എഫ്സിആര്‍ഐ) നിയമ ഭേദഗതി ബില്‍ ഭണഘടനാ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്നും ജീവകാരുണ്യ , വിദ്യാഭ്യാസ മേഖലകളിലടക്കം സേവനമനസ്ഥിതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ മേല്‍ ഡെമോക്ലാസിന്റെ വാള്‍ പോലെയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടും, ബില്ലിന്റെ ദൂരവ്യാപകമായ ദോഷങ്ങള്‍ സര്‍ക്കാരിന് മനസ്സിലായിട്ടും എന്തുകൊണ്ടാണ് ബില്‍ അവതരണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്?

3) അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ സംസ്ഥാനങ്ങളിലെ, പ്രതിപക്ഷത്തെ പ്രധാനപ്പെട്ട എംപിമാര്‍ എല്ലാവരും തന്നെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്താണെന്നും ഇതൊരു സുവര്‍ണാവസരമാണെന്നും കണക്കാക്കി ബില്‍ അവതരിപ്പിക്കുകയല്ലേ സര്‍ക്കാര്‍ ചെയ്തത്? സഭ പിരിയുന്നതിന്റെ തൊട്ടുതലേന്നാണ് ഇത്തരമൊരു നീക്കം നടന്നത്. ഇതിനെ എം പി മാര്‍ ചോദ്യം ചെയ്തപ്പോള്‍ ഇതു സര്‍ക്കാരിന്റെ തീരുമാനമാണ് എന്നാണ് സ്പീക്കര്‍ അറിയിച്ചത്. ഇതു പ്രധാനമന്ത്രിയുടെ തീരുമാനമാണ് എന്നല്ലേ അതിന്റെ അര്‍ത്ഥം? അത്തരം കുറുക്കുവഴികളിലൂടെ ബില്‍ പാസ്സാക്കി എടുക്കണമെന്ന കുബുദ്ധിക്ക് പിന്നില്‍ നിഗൂഢലക്ഷ്യങ്ങളില്ല എന്ന് എങ്ങനെ അങ്ങേക്ക് പറയാനാകും ? ഉചിതമായ സമയത്ത് ബില്‍ അവതരിപ്പിക്കുമെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ബില്‍ തത്കാലം പിന്‍വലിച്ചശേഷം പാര്‍ലമെന്റിനെ അറിയിച്ചത്.

4) അങ്ങ് പ്രധാനമന്ത്രിയായ അന്നു മുതല്‍ രാജ്യത്തെ ക്രൈസ്തവരടക്കമുള്ള ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെയും സഹനങ്ങളുടെയും തുടര്‍ച്ചയല്ലേ എഫ്സിആര്‍എ ബില്‍? ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അപകടങ്ങളും പതിയിരിക്കുന്ന ഈ ഭേദഗതി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ബിജെപിയുടെ പ്രത്യയശാസ്ത്രങ്ങളോട് യോജിക്കാത്തവരെ ഉന്നംവെച്ചുള്ള നീക്കമാണിതെന്നും ന്യൂനപക്ഷ സമുദായ സംഘടനകള്‍ ജീവകാരുണ്യ രംഗത്തും സാമൂഹിക,ജനസേവന,വിദ്യാഭ്യാസ രംഗത്തും നടത്തുന്ന സേവനങ്ങളെ പരിമിതപ്പെടുത്താന്‍ മാത്രമെ ഈ നടപടികൊണ്ട് കഴിയൂവെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിട്ടും ബില്ലുമായി മുന്നോട്ടുപോയതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയില്ലേ?

5) വിശുദ്ധവാരത്തില്‍ കുരിശിന്റെ വഴിയില്‍ പങ്കുചേരുകയും ക്രിസ്മസിന് കേക്കുമായി അരമനകളിലും വീടുകളിലും എത്തുകയും ചെയ്യുന്ന ബിജെപി ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ ഇക്കാര്യത്തില്‍ പാലിച്ച ക്രൂരമായ നിശബ്ദതയെ കുറിച്ച് അങ്ങേക്ക് എന്താണ് പറയാനുള്ളതെന്നു അറിയാന്‍ താല്പര്യമുണ്ട്.
കേരളത്തില്‍ അടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇതേ സമയത്ത് ഈ ബില്‍ കൊണ്ടുവന്ന് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താനല്ലേ അങ്ങ് ശ്രമിച്ചത്?

ഈ ചോദ്യങ്ങള്‍ക്ക് യുക്തിസഹജമായ മറുപടി തരാന്‍ അങ്ങേയ്ക്ക് കഴിയില്ലെന്ന് അറിയാം. അതുകൊണ്ടു ഇതടക്കമുള്ള വിഷയങ്ങളില്‍ നുണ പറയുന്നത് ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും.
വഖഫ് ഭേദഗതിപോലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനും ക്രിസ്ത്യന്‍ മതവിഭാഗത്തെ വരുതിയില്‍ നിര്‍ത്താനുമുള്ള ഗൂഢശ്രമമായിരുന്നു ഇതിനു പിന്നിലെന്ന വസ്തുത അങ്ങേക്ക് നിഷേധിക്കാനാകുമോ ? ഇത്തവണ പ്രധാനമന്ത്രിയുടെ ഇരട്ടത്താപ്പ് കേരളത്തിലെ ജനങ്ങള്‍ കയ്യോടെ പിടികൂടിയിരിക്കുകയാണെന്ന് അങ്ങ് മനസിലാക്കുമല്ലോ ?

വിശ്വസ്തതയോടെ

കെസി വേണുഗോപാല്‍,
എഐസിസി ജനറല്‍ സെക്രട്ടറി