നാലാം നാൾ ആശ്വാസം; കുടകിൽ കാണാതായ ശരണ്യയെ കണ്ടെത്തി

Jaihind News Bureau
Sunday, April 5, 2026

മടിക്കേരി: കുടകിലെ തടിയൻഡമോൾ കൊടുമുടിയിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ (36) നാലാം നാൾ കണ്ടെത്തി. പോലീസും വനംവകുപ്പും സംയുക്തമായി നടത്തിയ അതിശക്തമായ തിരച്ചിലിനൊടുവിലാണ് ശരണ്യയെ സുരക്ഷിതയായി കണ്ടെത്തിയത്. നാലുദിവസം കാട്ടിൽ കഴിഞ്ഞെങ്കിലും യുവതിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് അധികൃതർ അറിയിച്ചു.

കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യ ഏപ്രിൽ രണ്ടിനാണ് തനിച്ച് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള ഹോംസ്റ്റേയിൽ താമസിച്ചിരുന്ന ശരണ്യ, അന്നേദിവസം രാവിലെ എട്ടരയോടെയാണ് വനംവകുപ്പിന്റെ അനുമതിയോടെ ട്രക്കിങ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാൽ പത്തംഗ സംഘത്തോടൊപ്പം പോകാൻ വനംവകുപ്പ് നിർദ്ദേശിച്ചിരുന്നു. എന്നാൽ വൈകുന്നേരം സംഘം തിരിച്ചെത്തിയപ്പോൾ ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചെങ്കിലും പിന്നീട് റേഞ്ച് ലഭ്യമല്ലാതാകുകയും ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തു.

തെർമൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിൽ ഇതാദ്യമായാണ് ഒരാളെ കാണാതാവുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നാലുദിവസത്തെ ആശങ്കകൾക്കൊടുവിൽ വൈകുന്നേരത്തോടെയാണ് തിരച്ചിൽ സംഘം ശരണ്യയെ വനത്തിനുള്ളിൽ കണ്ടെത്തിയത്.