എം. ലിജു ജയിച്ചാല്‍ കായംകുളത്തിന് മന്ത്രിയെ ലഭിക്കും; സി.പി.എം – ബി.ജെ.പി അവിശുദ്ധ സഖ്യമെന്ന് ഷാഫി പറമ്പില്‍

Jaihind News Bureau
Sunday, April 5, 2026

കായംകുളം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അഡ്വ. എം. ലിജുവിനെ വിജയിപ്പിച്ചാല്‍ കായംകുളത്തെ ജനങ്ങള്‍ക്ക് മന്ത്രിയെ സമ്മാനമായി ലഭിക്കുമെന്ന സൂചന നല്‍കി ഷാഫി പറമ്പില്‍ എം.പി. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എം. ലിജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രതിഭാശാലിയായ എം. ലിജു നിയമസഭയിലെത്തുന്നതോടെ കായംകുളത്തിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

കേരളത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിടുന്നത് സി.പി.എമ്മിനെ മാത്രമല്ല, സി.പി.എം – ബി.ജെ.പി സഖ്യത്തെ കൂടിയാണെന്ന് അദ്ദേഹം ആരോപിച്ചു. സി.പി.എം വിട്ട് യുഡിഎഫ് പിന്തുണയില്‍ മത്സരിക്കുന്ന ജി. സുധാകരനെതിരെ ‘ചെറ്റത്തരം കാണിക്കരുത്’ എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ക്കെതിരെ ഒരക്ഷരം ഉരിയാടാന്‍ തയ്യാറാകാത്തത് ബി.ജെ.പിയോടുള്ള അനുഭാവമാണ് തെളിയിക്കുന്നത്.

കേരളത്തില്‍ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പല കാര്യങ്ങള്‍ പറഞ്ഞിട്ടും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെപ്പറ്റി ഒരക്ഷരം പറയാതിരുന്നത് പിണറായിയോടും സി.പി.എമ്മിനോടുമുള്ള വിധേയത്വം കൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരേ നയമാണ്. ഇരുവരും ശത്രുസ്ഥാനത്ത് കാണുന്നത് ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസിനേയും യുഡിഎഫിനേയുമാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കുമെന്നത് ഉറച്ച ഗ്യാരണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.