‘സിപിഎം സൃഷ്ടിക്കുന്നത് പുകമറ’; വയനാട് പുനരധിവാസ ഫണ്ട് കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; സമാഹരിച്ചതിനേക്കാള്‍ കൂടുതല്‍ തുക ചെലവഴിച്ചു

Jaihind News Bureau
Saturday, April 4, 2026

കണ്ണൂര്‍: വയനാട് ദുരന്തബാധിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനായി സമാഹരിച്ച ഫണ്ടിന്റെ കൃത്യമായ കണക്കുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സണ്ണി ജോസഫ് എം.എല്‍.എയാണ് വാര്‍ത്താസമ്മേളനത്തില്‍ കണക്കുകള്‍ വിശദീകരിച്ചത്. പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വഴി 5,38,21,632 രൂപയാണ് ആകെ ലഭിച്ചതെന്ന് അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ യൂത്ത് കോണ്‍ഗ്രസ് വിഹിതമായി ഒരു കോടി അഞ്ച് ലക്ഷം രൂപയും പാര്‍ട്ടിക്ക് ലഭിച്ചു.

വീട് നിര്‍മ്മാണത്തിനായി ഇതുവരെ രണ്ട് ഘട്ടങ്ങളിലായി അഞ്ചര ഏക്കറോളം ഭൂമി വാങ്ങിയതായി പാര്‍ട്ടി അറിയിച്ചു. ആദ്യഘട്ടത്തില്‍ മൂന്നേക്കര്‍ ഇരുപത്തിയൊന്നര സെന്റ് ഭൂമി വാങ്ങുന്നതിനായി രജിസ്ട്രേഷന്‍ ഉള്‍പ്പെടെ 3,68,36,388 രൂപ ചെലവിട്ടു. രണ്ടാംഘട്ടത്തില്‍ രണ്ടേക്കര്‍ പതിനെട്ട് സെന്റ് ഭൂമി കൂടി വാങ്ങി. ഇതിനായി 2,50,30,272 രൂപയാണ് ചെലവായത്. കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയ ആപ്പിന്റെ നിര്‍മ്മാണത്തിന് 9,30,000 രൂപയും വിനിയോഗിച്ചു.

ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തുകയേക്കാള്‍ കൂടുതല്‍ പണം ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടാംഘട്ട ഭൂമി വാങ്ങുന്നതിനായി കെ.പി.സി.സിയുടെ തനത് ഫണ്ടില്‍ നിന്ന് 97,51,212 രൂപ അധികമായി കണ്ടെത്തേണ്ടി വന്നു. ബാക്കിയുള്ള ഭൂമി ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും 73,90,985 രൂപ കൂടി ആവശ്യമുണ്ട്. ഈ സാഹചര്യത്തില്‍ വീട് നിര്‍മ്മാണത്തിനായി ഇനി പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കില്ലെന്നും ബാക്കി തുക പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് കണ്ടെത്തുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ഫണ്ട് വിനിയോഗത്തില്‍ സി.പി.എം സംശയത്തിന്റെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമാണ് നടന്നിട്ടുള്ളതെന്നും ആര്‍ക്ക് വേണമെങ്കിലും ഈ കണക്കുകള്‍ പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് പുനരധിവാസ പദ്ധതിയുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും വീടുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.