
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരം പിടിക്കുമെന്ന് ലോക്‌പോള്‍ (Lok Poll) പുറത്തുവിട്ട അവസാനഘട്ട സര്‍വ്വേ ഫലം പ്രവചിക്കുന്നു. മാര്‍ച്ച് 14 മുതല്‍ 31 വരെ 36,400 പേരില്‍ നടത്തിയ സാമ്പിള്‍ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഈ പ്രവചനം. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.
യുഡിഎഫ് 77 മുതല്‍ 81 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. മുന്നണിക്ക് 42-44% വോട്ട് വിഹിതവും സര്‍വ്വേ പ്രവചിക്കുന്നു. നിലവിലെ ഭരണകക്ഷിയായ എല്‍ഡിഎഫ് 58 മുതല്‍ 62 വരെ സീറ്റുകളിലേക്ക് ചുരുങ്ങാന്‍ സാധ്യതയുണ്ട്. 39-41% വോട്ടുകളാണ് ഇടതുമുന്നണിക്ക് പ്രവചിക്കപ്പെടുന്നത്. എന്‍ഡിഎ 1 മുതല്‍ 2 വരെ സീറ്റുകള്‍ നേടുമെന്നും വോട്ട് വിഹിതം 14-16% ആയി ഉയരുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. മറ്റുള്ളവര്‍ക്ക് സീറ്റുകളൊന്നും ലഭിക്കാന്‍ സാധ്യതയില്ല (0 സീറ്റ്, 2-3% വോട്ട്).
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 36,400 പേരില്‍ നിന്ന് നേരിട്ട് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രവചനം. സോണല്‍ അടിസ്ഥാനത്തിലുള്ള കൂടുതല്‍ വിവരങ്ങളും സീറ്റുകളുടെ കൃത്യമായ കണക്കുകളും വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് ലോക്‌പോള്‍ അറിയിച്ചു.