
മുംബൈയില്‍ യുവതിയെ പിന്തുടര്ന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചവര്‍ക്ക് നേരെ മലയാളി വെടിയുതിര്‍ത്തു. വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കരസേനയിലെ മുന്‍ ഉദ്യോഗസ്ഥനായ ജയന് ശിവാനന്ദന് നായരെ (51) പോലീസ് കസ്റ്റഡിയിലെടുത്തു.
മുബ്രയിലെ ബിസ്മില്ലാ ചാളില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. അക്ബര്‍ അബ്ദുല്‍ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ അക്ബര്‍ ഹസന് ഷെയ്ഖ്, സമീര്‍ അഹമ്മദ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താന്‍ സഹോദരിയെപ്പോലെ കാണുന്ന യുവതിയെ മൂവര്‍സംഘം നിരന്തരമായി ശല്യം ചെയ്തിരുന്നതായി ജയന് പോലീസിന് മൊഴി നല്കി. ഏറെ നാളുകളായി യുവതിയെ പിന്തുടര്ന്നിരുന്ന സംഘം പലതവണ ലൈംഗികാതിക്രമത്തിനും മുതിര്‍ന്നിരുന്നു. ഇതിനെക്കുറിച്ച് യുവതി മുന്‍പ് ജയനോട് പരാതിപ്പെട്ടിരുന്നു.
ഇന്നലെ രാവിലെയും അക്രമികള്‍ യുവതിയെ പിന്തുടര്‍ന്നതോടെ ജയന് വീട്ടില്‍ നിന്ന് തോക്കുമായി എത്തി വെടിയുതിര്‍ക്കുകയായിരുന്നു. ജയന്റെ കൈവശമുണ്ടായിരുന്ന തോക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. യുവതിയുടെ സുരക്ഷ കണക്കിലെടുത്താണ് താന്‍ ഇപ്രകാരം ചെയ്തതെന്നാണ് ജയന് വ്യക്തമാക്കുന്നത്. സംഭവത്തില്‍ മുബ്ര പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.